ഐ.എസ്.എല്ലിലേക്ക് ഒരു ടീം കൂടി; പന്ത്രണ്ടാമനായി പഞ്ചാബ് എഫ്.സി
ഇതോടെ ഐലീഗിൽ നിന്ന് പ്രൊമോഷൻ ലഭിക്കുന്ന ആദ്യ ടീമാകാനും പഞ്ചാബിനായി
ന്യൂഡൽഹി: ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്.സിക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്(ഐ.എസ്.എൽ) സ്ഥാനക്കയറ്റം. ഇതോടെ 2023-24 സീസണിൽ പന്ത്രണ്ട് ടീമുകൾ മാറ്റുരക്കും. ഐലീഗ് ചാമ്പ്യൻ എന്നതും ഐ.എസ്.എല്ലിന്റെ യോഗ്യതാ ലൈസൻസുകളിലൊന്നായ ഐ.സി.എൽ.സി പ്രീമിയര്‍ 1 ലൈസൻസ് നേടിയതുമാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ ഉന്നത തലത്തിലേക്ക് പഞ്ചാബിന് യോഗ്യത നേടിക്കൊടുത്തത്.
ഇതോടെ ഐലീഗിൽ നിന്ന് പ്രൊമോഷൻ ലഭിക്കുന്ന ആദ്യ ടീമാകാനും പഞ്ചാബിനായി. ഐലീഗ് 2022-23 സീസണിൽ മികച്ച പ്രകടനമാണ് പഞ്ചാബ് എഫ്‌സി പുറത്തെടുത്തത്. സീസണിലുടനീളം മേധാവിത്വം പുലർത്തിയ പഞ്ചാബ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു. സമർപ്പണ മനോഭാവത്തോടെയുള്ള കളിക്കാരുടെ പ്രകടനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പതിനാറ് മത്സരങ്ങൾ വിജയിച്ചു. നാലെണ്ണം സമനിലയിൽ ആയപ്പോൾ വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് പരാജയം നേരിട്ടത്. 45 ഗോളുകളാണ് സീസണിൽ പഞ്ചാബ് അടിച്ചുകൂട്ടിയയത്.
പഞ്ചാബിന്റെ കരുത്ത് തെളിയിക്കുന്നതായാണ് ഈ ഗോൾ നേട്ടം. കഠിനാധ്വാനത്തിന്റെയും കളിക്കാരുടെയും സ്റ്റാഫിന്റെയും സ്ഥിരോത്സാഹവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ടീമിന്റെ സ്ഥാപകരിലൊരാളായ സണ്ണി സിങ് പറഞ്ഞു. ഗ്രീക്ക് താരം സ്റ്റൈക്കോസ് വെർഗിറ്റിസ് ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഒത്തിണങ്ങിയ ടീമാണ് പഞ്ചാബിന്റേത്. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലം നിലനിർത്തിയാണ് അവർ ഐലീഗ് ചാമ്പ്യന്മാരാകുന്നത്.
പഴയ താരങ്ങൾക്കൊപ്പം പുതിയ സൈനിങ്ങുകൾ നടത്തിയാണ് ഐ.എസ്.എല്ലിന് പഞ്ചാബ് എത്തുന്നത്. റൗണ്ട്ഗ്ലാസ് പഞ്ചാബ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ്ബ് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്.സി എന്ന പേരുമാറ്റി പഞ്ചാബ് എഫ്.സി എന്ന പേരിലാണ് ഐ.എസ്.എല്ലിലേക്കെത്തുന്നത്. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് പഞ്ചാബ് ഐലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 2017-18 സീസണിലായിരുന്നു പഞ്ചാബ് കിരീടം ചൂടിയിരുന്നത്.