വാർഷിക ശമ്പളം 223 കോടി! സൗദിയെ പരിശീലിപ്പിക്കാൻ റോബർട്ടോ മാൻസീനി എത്തുന്നു

ഈ മാസം ആദ്യത്തിലാണ് റോബർട്ടോ മാൻസീനി ഇറ്റാലിയൻ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്

Update: 2023-08-28 16:47 GMT
Editor : Shaheer | By : Web Desk

റോബര്‍ട്ടോ മാന്‍സീനി

Advertising

റിയാദ്: സൗദി അറേബ്യൻ ഫുട്‌ബോൾ ടീമിനു തന്ത്രങ്ങളൊരുക്കാന്‍ പുതിയ ചാണക്യനെത്തുന്നു. ഇറ്റാലിയന്‍ ഫുട്ബോളിനെ ഉയരങ്ങളിലേക്കു നയിച്ച സൂപ്പര്‍ കോച്ച് റോബർട്ടോ മാൻസീനിയാണ് സൗദി പരിശീലകനായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, സാദിയോ മാനെ, കരീം ബെൻസേമ തുടങ്ങിയ സൂപ്പർ താരങ്ങളുടെ കൂടുമാറ്റത്തോടെ ഫുട്‌ബോൾ ലോകത്ത് സ്‌പോട്ട്‌ലൈറ്റിലുള്ള രാജ്യത്തിന്റെ ഫുട്‌ബോൾ ഭാവി നിർണയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തവും തലയിലേറ്റിയാണ് മാൻസീനി റിയാദിൽ കാലുകുത്തുന്നത്.

25 മില്യൻ യൂറോയുടെ(ഏകദേശം 223 കോടി രൂപ) വാർഷിക ശമ്പളത്തിനാണ് റോബർട്ടോ മാൻസീനിയെ സൗദി പരിശീലകനായി കൊണ്ടുവരുന്നത്. നാലു വര്‍ഷത്തേക്കാണു കരാര്‍. അടുത്ത ദിവസം വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹത്തെ അവതരിപ്പിക്കുമെന്നാണു വിവരം. ''യൂറോപ്പിൽ ചരിത്രം കുറിച്ചാണു ഞാൻ വരുന്നത്. ഇനി സൗദിയിലും ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണിത്.''-സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ(സാഫ്) സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ മാൻസീനി പറഞ്ഞു.

ഈ അഭിമാനകരമായ ഉത്തരവാദിത്തത്തിനു തിരഞ്ഞടുക്കപ്പെട്ടതിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണു താനെന്ന് റോബർട്ടോ മാൻസീനി 'എക്‌സി'ൽ കുറിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ ചെയ്തതിനുള്ള അംഗീകാരമാണിത്. ഇതിന് (സൗദി ഫുട്‌ബോൾ ഫെഡറേഷൻ) പ്രസിഡന്റ് യാസിർ അൽമിസ്ഹലിനോട് നന്ദി പറയുന്നു. ഏറെ ആകാംക്ഷ നിറയ്ക്കുന്ന ഒരു പുതിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയ ഫുട്‌ബോളിനൊപ്പം യുവ പ്രതിഭകളെയും ഭാവിതലമുറയെയും വളർത്തുക എന്നൊരു ദൗത്യമാണു മുന്നിലുള്ളതെന്നും അദ്ദേഹം കുറിച്ചു.

ഈ മാസം ആദ്യത്തിലാണ് റോബർട്ടോ മാൻസീനി ഇറ്റാലിയൻ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. 2021ലെ യൂറോപ്യൻ ചാംപ്യൻഷിപ്പ് കിരീടം എന്ന വലിയൊരു നേട്ടവുമായാണ് അദ്ദേഹത്തിന്റെ പടിയിറക്കം. അതേസമയം, കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഇറ്റലിക്കു യോഗ്യത ലഭിക്കാതെ പോയത് കരിയറില്‍ മോശം പ്രതിച്ഛായയും സൃഷ്ടിച്ചു. ഇന്റർ മിലാനു വേണ്ടി മൂന്ന് സീരി എ കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട് മാൻസീനി. 2012ൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്തതും മാന്‍സീനി തന്നെ.

Summary: Former Italian Coach Roberto Mancini named as new Saudi Arabia football manager

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News