ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി സന്ദീപ് സിങിന്റെ പരിക്ക്: സങ്കടമെന്ന് വുകമിനോവിച്ച്‌

എഫ്‌സി ഗോവയുടെ സാവിയർ ഗാമയുമായി കൂട്ടിയിടിച്ചാണ് സന്ദീപിന് പരിക്കേൽക്കുന്നത്

Update: 2023-01-23 11:04 GMT
Editor : rishad | By : Web Desk

സന്ദീപ് സിങ്

Advertising

കൊച്ചി: തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോറ്റതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി പ്രതിരോധ താരം സന്ദീപ് സിങിന്റെ പരിക്ക്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ കാര്യമായി 'പണി' എടുക്കുന്ന കളിക്കാരനാണ് സന്ദീപ്. താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ. എഫ്‌സി ഗോവക്കെതിരായ മത്സരത്തിലാണ് സന്ദീപ് സിങിന് പരിക്കേൽക്കുന്നത്.

എഫ്‌സി ഗോവയുടെ സാവിയർ ഗാമയുമായി കൂട്ടിയിടിച്ചാണ് സന്ദീപിന് പരിക്കേൽക്കുന്നത്. തലക്ക് പരിക്കേറ്റതിനാൽ സ്റ്റിച്ചിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും. സന്ദീപ് ആദ്യ ഇലവനിൽ ഇടം നേടിയ മത്സരങ്ങളിലൊന്നും ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. കൊച്ചയിൽ ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തിൽ നിർണായകമായൊരു ഗോൾ നേടി ആരാധകരെ ത്രസിപ്പിച്ചിരുന്നു. എന്നാൽ സന്ദീപിന്റെ അവസ്ഥയിൽ സങ്കടമുണ്ടെന്നായിരുന്നു പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പ്രതികരണം.

പരിക്ക് ഗൗരവസ്വഭാവത്തിലുള്ളതാണെന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഇപ്പോഴും അസ്തമിച്ചിട്ടില്ല. 25 പോയിന്റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ ബ്ലാസ്റ്റേഴ്‌സ്. എടികെ മോഹൻ ബഗാന് 24ഉം എഫ്.സി ഗോവക്ക് 23ഉം പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. 39പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന്റെ പോയിന്റ് 35ഉം.

എഫ്.സി ഗോവക്കെതിരെ 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. രണ്ടം പകുതിയിൽ നേടിയ രണ്ട് ഗോളുകൾ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വിധി എഴുതിയിരുന്നു. 51ാം മിനുറ്റിൽ ദിമിത്രിയോസ് ഡയമന്റകോസിലൂടെ ഒന്ന് മടക്കിയെങ്കിലും ഗോവയെ തോൽപിക്കാനായില്ല. അതോടെ തുടർച്ചയായ രണ്ടാം തോൽവി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News