ഗുജറാത്തിനെ തകർത്ത് ഒഡീഷ; സെമിഫൈനലിന് അരികെ

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗുജറാത്തിനെതിരെ ഒഡീഷയുടെ ജയം

Update: 2022-04-23 17:46 GMT
Editor : Dibin Gopan | By : Web Desk
Advertising

മലപ്പുറം: മഴനിറഞ്ഞാടിയ രണ്ട് പകുതിയിൽ അവസാന നിമിഷം ഗോളടി മേളം. സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഗുജാത്തിനെ തകർത്ത് ഒഡീഷ സെമിഫൈനൽ സാധ്യത നിലനിർത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗുജറാത്തിനെതിരെ ഒഡീഷയുടെ ജയം. രണ്ടാം പകുതിയുടെ അവസാന പത്ത് മിനുട്ടിലാണ് മൂന്ന് ഗോളുകൾ വീണത്. ഒഡീഷക്കായി ചന്ദ്രമുദുലി ഇരട്ടഗോൾ നേടി. റയ്‌സൺ ടുഡുവിന്റെ വകയാണ് ഒരു ഗോൾ.

ഇരുടീമിന്റെയും ആദ്യ ഇലവനിൽ ഓരോ മാറ്റങ്ങളുമായി ഇറങ്ങിയത്. ആദ്യ പകുതിയിൽ ഒഡീഷയുടെ മുന്നേറ്റമാണ് കണ്ടത്. 9ാം മിനുട്ടിൽ ഒഡീഷ്യക്ക് അവസരം ലഭിച്ചു. കോർണറിൽ നിന്ന് ലഭിച്ച അവസരം പ്രതിരോധ താരം അഭിഷേക് രാവത് നഷ്ടപ്പെടുത്തി. 14ാം മിനുട്ടിൽ അടുത്ത അവസരം വലതു വിങ്ങിൽ നിന്ന് പിന്റു സമൽ നൽകിയ ക്രോസ് കാർത്തിക് ഹൻതൽ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്ക് പോയി. തുടർന്നും ഒഡീഷ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. ഇടവേളയിൽ ഒഡീഷ്യൻ ഗോൾമുഖത്തേക്ക് ഗുജറാത്ത് ഒറ്റപെട്ട ചില ആക്രമണങ്ങൾ ഒന്നും ലക്ഷ്യം കാണാൻ സാധിച്ചില്ല. 37ാം മിനുട്ടിൽ ഒഡീഷ്യ ലീഡെടുത്തു. അർപൻ ലാക്ര എടുത്ത കോർണർ ഗുജറാത്ത് പ്രതിരോധ താരങ്ങളും ഗോൾകീപ്പർ അജ്മലും തട്ടി അകറ്റാൻ ശ്രമിക്കവേ ലഭിച്ച അവസരം ബോക്‌സിൽ നിലയുറപ്പിച്ചിരുന്ന ചന്ദ്രമുദുലി ഗോളാക്കി മാറ്റി. ഉയർന്നു വന്ന പന്ത് ഒരു ഉഗ്രൻ ഹാഫ് വോളിയിലൂടെയായിരുന്നു ഗോൾ.

വിരസമായ രണ്ടാം പകുതിയിൽ ഇടവേളയിൽ ഇരുടീമുകൾക്കും ഓരോ അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. 78ാം മിനുട്ടിൽ ഗുജറാത്ത് കിടിലൻ ഗോളിലൂടെ സമനില പിടിച്ചു. ഒഡീഷ പ്രതിരോധ താരം പ്രബിൻ ടിഗ്ഗ ക്ലിയർ ചെയ്ത ബോൾ മുഹമദ്മറൂഫ് മൊല്ലക്ക് ലഭിച്ചു. ഉയർന്നു വന്ന പന്ത് മുഹമദ്മറൂഫ് മൊല്ല ചെസ്റ്റ് കൊണ്ട് ടാപ് ചെയ്ത് പ്രഭൽദീപിന് നൽകി. കിട്ടിയ പന്ത് ചെസ്റ്റിൽ ഇറക്കി ബോക്‌സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് ഉഗ്രൻ ഗോൾ. 87ാം മിനുട്ടിൽ ഒഡീഷ ലീഡെടുത്തു പിടിച്ചു. മധ്യനിരയിൽ നിന്ന് പ്രതിരോധ താരങ്ങളുടെ മുകളിലൂടെ ഉയർത്തി നൽക്കിയ പാസ് ഓടിയെടുത്ത അർപൻ ലാക്ര ഗോൾ കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും മുകളിലൂടെ ഉയർത്തി നൽകി.

പോസ്റ്റിന് മുമ്പിൻ നിന്നിരുന്ന ചന്ദ്രമുദുലി ഗോളാക്കി മാറ്റി. 89ാം മിനുട്ടിൽ ഒഡീഷ ലീഡ് ഉയർത്തി. ഗോൾ കീപ്പർ അഭിഷേക് എടുത്ത കിക്ക് ഗുജറാത്തിന്റെ പ്രതിരോധ നിരയിലെ കൂട്ടപൊരിച്ചിലിനൊടുവിൽ പകരക്കാരനായി ഇറങ്ങിയ റയ്‌സൺ ടുഡുവിന് ലഭിച്ചു. ബോളുമായി മുന്നേറിയ ടുഡു ഗോളാക്കി മാറ്റി. 90ാം മിനുട്ടിൽ ഗുജറാത്ത് പെനാൽറ്റിയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. കോർണർ കിക്കിനിടെ ജയ്കനാനിയെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി. ജയ്കനാനി തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News