രാജസ്ഥാനെ തകർത്ത് ബംഗാൾ സന്തോഷ് ട്രോഫി സെമിയിൽ
ബംഗാളിന് വേണ്ടി ഫർദിൻ അലി മൊല്ല ഇരട്ടഗോൾ നേടി
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ബംഗാൾ സെമിയിൽ. രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപ്പിച്ചത്. 29 ന് നടക്കുന്ന രണ്ടാം സെമിയിൽ ബംഗാൾ ഗ്രൂപ്പ് ബയിലെ ഒന്നാം സ്ഥനക്കാരോട് ഏറ്റുമുട്ടും. ബംഗാളിന് വേണ്ടി ഫർദിൻ അലി മൊല്ല ഇരട്ടഗോൾ നേടി. സുജിത് സിങിന്റെ വകയാണ് ഒരു ഗോൾ. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
ആദ്യ പകുതിയിൽ ബംഗാളിന്റെ ആക്രമണമാണ് കോട്ടപ്പടി സ്റ്റേഡിയം സാക്ഷിയായത്. 4ാം മിനുട്ടിൽ ബംഗാളിന് ആദ്യ അവസരം ലഭിച്ചു. കോർണർ കിക്കിൽ നിന്ന് ലഭിച്ച അവസരം സുജിത് സിങ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടർന്നും രാജസ്ഥാൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ബംഗാൾ അറ്റാക്കിങ് നടത്തെയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. 39ാം മിനുട്ടിൽ ബംഗാളിന് അടുത്ത അവസരം ലഭിച്ചു. ശ്രീകുമാർ കർജെ നൽകിയ ക്രോസ് സുജിത് സിങ് നഷ്ടപ്പെടുത്തി.
41ാം മിനുട്ടിൽ ബംഗാളിന് വീണ്ടും അവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് തൻമോയ് ഗോഷ് നൽകിയ ക്രോസ് ദിലിപ് ഒർവാൻ പുറത്തേക്ക് അടിച്ചു. ആദ്യ പകുതി അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് ബംഗാളിന് അടുത്ത അവസരം ലഭിച്ചു. വലത് വിങ്ങിൽ നിന്ന് ജയ്ബസ് നൽകിയ പാസ് ഫർദിൻ അലി മൊല്ല ഒരു ഹാഫ് വോളിക്ക് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.
46 ാം മിനുട്ടിൽ ബംഗാൾ ലീഡ് എടുത്തു. 46 ാം മിനുട്ടിൽ ദിലിപ് ഒർവാനെ ബോക്സിന് അകത്തു നിന്ന് രാജസ്ഥാൻ പ്രതിരോധ താരം ലക്ഷ്യ ഗർഷ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി. 48 ാം മിനുട്ടിൽ ഫർദിൻ അലി മൊല്ല ഗോളാക്കി മാറ്റി. 60 ാം മിനുട്ടിൽ ലീഡ് രണ്ടാക്കി ഉയർത്തി. സുജിത് സിങ് അടിച്ച ഷോട്ട് രാജസ്ഥാൻ ഗോൾ കീപ്പർ തട്ടിയകറ്റി. റിട്ടേർൺ ബോൾ ഫർദിൻ അലി മൊല്ല ഗോളാക്കി മാറ്റി. ഫർദിൻ അലി മൊല്ലയുടെ രണ്ടാം ഗോൾ. 81 ാം മിനുട്ടിൽ ലീഡ് മൂന്നാക്കി ഉയർത്തി. ബോക്സിന് പുറത്തുനിന്ന് സുജിത് സിങ്ങിന്റെ ഇടംകാലൻ കെർവിങ് ഷോട്ട് ആണ് ഗോളായിമാറിയത്. ബംഗാളിന്റെ വിജയത്തോടെ മേഘാലയ സെമികാണാതെ പുറത്തായി.