യുവേഫ യൂറോപ്പ ലീഗ്; ബൊറൂഷ്യക്ക് റേഞ്ചേഴ്‌സ് ഷോക്ക്, ബാഴ്‌സക്ക് സമനിലപ്പൂട്ട്

ബാഴ്സലോണയെ നാപ്പോളിയാണ് സമനിലയില്‍ തളച്ചത്

Update: 2022-02-18 05:56 GMT
Advertising

യുവേഫ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബൊറൂഷ്യ ഡോട്ട്മുണ്ടിന് ഞെട്ടിക്കുന്ന തോൽവി. സ്‌കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്‌സാണ് ബൊറൂഷ്യയെ തകർത്തത്. ഗോൾ മഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റേഞ്ചേഴ്‌സിന്‍റെ വിജയം. 

കളിയുടെ 38ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടിയിൽ ജെയിംസ് ടാവെർണിയറിലൂടെ റേഞ്ചേഴ്‌സാണ് അദ്യം മുന്നിലെത്തിയത്. ആദ്യ ഗോൾവീണ് മൂന്ന് മിനിറ്റിനകം ആൽഫ്രഡോ മൊറേലോസ് ഒരിക്കൽ കൂടെ ബൊറൂഷ്യയുടെ വലതുളച്ചു. കളിമറന്ന ബൊറൂഷ്യക്ക് രണ്ടാം പകുതിയിലും റേഞ്ചേഴ്‌സ് മുന്നേറ്റങ്ങളെ തടഞ്ഞു നിർത്താനായില്ല.

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം തന്നെ വീണ്ടും ബൊറൂഷ്യന്‍ വലകുലുങ്ങി. ഇക്കുറി ജോണ്‍ ലുന്‍ഡ് സ്ട്രാമാണ് വലകുലുക്കിയത്. 51ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ ബൊറൂഷ്യ ആദ്യ ഗോള്‍ മടക്കി. എന്നാല്‍ മൂന്ന് മിനിറ്റിനകം ഒരു ഔണ്‍ ഗോള്‍  വഴങ്ങി ബൊറൂഷ്യ റേഞ്ചേഴ്സിന്‍റെ ലീഡുയര്‍ത്തിക്കൊടുത്തു. 82ാം മിനിറ്റിൽ റാഫേല്‍ ഗുറേറോ ഒരു ഗോള്‍‌ കൂടെ മടക്കിയെങ്കിലും ബൊറൂഷ്യയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. പരിക്ക് മൂലം സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിന് ബൊറൂഷ്യക്കായി കളിക്കാനായില്ല. 

മറ്റൊരു മത്സരത്തില്‍ ബാഴ്സലോണയെ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളി സമനിലയില്‍ തളച്ചു. ഇരുടീമുകളും  ഓരോ ഗോളുകള്‍ വീതം നേടി. നാപോളിക്കായി പിയോ സിയെലന്‍സ്കി സ്കോര്‍ ചെയ്തപ്പോള്‍ ബാഴ്സക്കായി ഫെറാന്‍ ടോറസാണ് സ്കോര്‍ ചെയ്തത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News