'മെസിയാണ് മികച്ച താരമെന്നാണ് ഞാൻ കരുതിയിരുന്നത്; റൊണാൾഡോയ്‌ക്കൊപ്പം കളിച്ചതോടെ...'; അനുഭവം പങ്കുവച്ച് വിൻസെന്റ് അബൂബക്കർ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് വിൻസെന്റ് അബൂബക്കറിനെ നോട്ടമിടുന്നതായി റിപ്പോർട്ടുണ്ട്
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു പിന്നാലെ സൗദി അറേബ്യൻ ക്ലബ് അൽ-നസ്ർ കാമറൂണിന്റെ ലോകകപ്പ് ഹീറോ വിൻസെന്റ് അബൂബക്കറിനെ കൈവിടുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. താരവുമായുള്ള കരാർ അവസാനിപ്പിക്കുമെന്നാണ് ക്ലബുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനിടെ, ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം പരിശീലനം നടത്തിയതിന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വിൻസെന്റ്.
മെസിയാണ് ക്രിസ്റ്റ്യാനോയെക്കാൾ മികച്ച താരമെന്നാണ് ഞാൻ എപ്പോഴും കരുതിയിട്ടുള്ളത്. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം പരിശീലനം നടത്തിയതോടെ ഞാൻ ശരിയാണെന്ന് മനസിലായി-വിൻസെന്റ് അബൂബക്കറിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'മുണ്ടോ ഡിപോർട്ടിവോ' റിപ്പോർട്ട് ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു പിന്നാലെ വിൻസെന്റ് അബൂബക്കറിനെ സൗദി ക്ലബ്ബ് അൽ-നസ്ർ ടീമിൽനിന്ന് ഒഴിവാക്കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ ക്ലബിൽനിന്നുള്ള ഓഫർ സ്വീകരിക്കാനായി അബൂബക്കർ സ്വയം ക്ലബ് വിട്ടതാണെന്നും ചില ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, സൗദി ക്ലബ് വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് വിൻസെന്റ് അബൂബക്കറിനെ നോട്ടമിടുന്നതായി സൂചനയുണ്ട്. താരത്തെ ഹ്രസ്വകാല കരാറിൽ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ ലക്ഷ്യമിടുന്നത്.
Summary: 'I always thought that Messi was better than Ronaldo, but…': Vincent Aboubakar