''യൂറോപ്പിന്‍റേത് കാപട്യം, ആദ്യം മാപ്പിരക്കേണ്ടത് നിങ്ങള്‍''; ഖത്തറിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഫിഫ പ്രസിഡന്‍റ്

''യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ മെനയുകയാണ്, കഴിഞ്ഞ 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാന്‍''

Update: 2022-11-19 12:27 GMT
Advertising

ദോഹ: ലോകകപ്പ് ഫുട്ബോളിലെ ഖത്തർ വിമർശനത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ തുറന്നടിച്ച് ഫിഫ പ്രസിഡന്‍റ്  ജിയാന്നി ഇൻഫാന്‍റിനോ. ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണ്. യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ മെനയുകയാണ്. കഴിഞ്ഞ 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാനെന്നും ഇൻഫാന്‍റിനോ പറഞ്ഞു.

''മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കും മുമ്പ്  കഴിഞ്ഞ 3,000 വർഷമായി  ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾക്ക് യൂറോപ്പ്  അടുത്ത 3,000 വർഷത്തേക്ക്  ക്ഷമാപണം നടത്തണം. ഏകപക്ഷീയമായ ഈ വിമര്‍ശനങ്ങള്‍ കാപട്യമാണ്. 2016 ന് ശേഷം ഖത്തറിലുണ്ടായ വികസനങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തതെന്താണെന്ന കാര്യത്തിലാണ് എനിക്ക് അത്ഭുതം. ഖത്തര്‍ ഒരുങ്ങുകയാണ്. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാവും'"-  ഇൻഫാന്‍റിനോ പറഞ്ഞു.

എനിക്ക് ഖത്തറിനെ പ്രതിരോധിക്കേണ്ടതില്ല. അവർക്ക് സ്വയം പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. താന്‍ ഫുട്ബോളിനെയാണ് പ്രതിരോധിക്കുന്നതെന്നും ഇതിനോടകം ഖത്തർ ഏറെ പുരോഗതി കൈവരിച്ചു കഴിഞ്ഞെന്നും ഇന്‍ഫാന്‍റിനോ കൂട്ടിച്ചേര്‍ത്തു. 

ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്നുമടക്കം നിരവധി റിപ്പോർട്ടുകൾ യൂറോപ്പ്യന്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.  ഇന്ത്യ, പാകിസ്താന്‍, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ ലോകകപ്പ് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ മരിച്ചതായി ഗാര്‍ഡിയനടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ ഖത്തര്‍ ഭരണകൂടം തന്നെ കണക്കുകള്‍ നിരത്തി രംഗത്തു വന്നിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News