ബ്രസൂക്ക, ജബുലാനി, രിഹ്‌ല: ലോകകപ്പ് പന്തുകളുടെ പിന്നിലെ കൗതുകകരമായ കഥ
ഓരോ ലോകകപ്പിന്റെ ഔദ്യോഗിക പന്തും ഒരു കാലഘട്ടത്തിന്റെയും ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും ആവേശത്തിന്റെയുമൊക്കെ അടയാളമാണ്.
കാത്തിരുന്ന് എത്തുന്ന ലോകകപ്പുകളോടൊപ്പം തന്നെ പ്രസിദ്ധമാണ് അതിലുപയോഗിക്കുന്ന പന്തുകളും. ഓരോ ലോകകപ്പിന്റെ ഔദ്യോഗിക പന്തും ഒരു കാലഘട്ടത്തിന്റെയും ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും ആവേശത്തിന്റെയുമൊക്കെ അടയാളമാണ്. ബ്രസീലിലെ ബ്രസൂക്കയും ജബുലാനിയുമൊക്കെ കളിക്കമ്പക്കാര്‍ നെഞ്ചേറ്റിയ പേരുകളായിരുന്നു.
വര്‍ഷം 2022ലെത്തുമ്പോള്‍ അല്‍ രിഹ്‌ല എന്നാണ് ഖത്തര്‍ പന്തിനിട്ട പേര്. അഡിഡാസാണ് പന്തിന്‍റെ നിർമാതാക്കൾ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷതയോടെയാണ് 'അൽ രിഹ്‌ല' ഖത്തർ ലോകകപ്പിന്‍റെ എട്ട് മൈതാനങ്ങളിലും ആവേശത്തിന് തീപ്പടർത്തി കിക്കോഫ് കുറിക്കാൻ ഒരുങ്ങുന്നത്.
1930ലെ പ്രഥമ ലോകകപ്പ് ഫൈനലില്‍ ഉപയോഗിച്ച പന്ത് മുതല്‍ 'അൽ രിഹ്‌ല' യില്‍ എത്തിയത് വരെയുള്ള ചരിത്രം പറയുകയാണ് പ്രമുഖ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഡോ. മുഹമ്മദ് അഷ്റഫ്. 2021ല്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രസക്തമാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും;
അങ്ങേയറ്റം കൗതുകകരമായ അനുഭവങ്ങളാണ് ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന കാൽപ്പന്തുകളുടെ പരിണാമത്തിന് പറയാനുള്ളത്. 1930 ലെ പ്രഥമ ലോക കപ്പ് ഫൈനലിന് രണ്ടു തരം പന്തുക്കൾ ഉപയോഗിച്ചിരുന്നു. ടിൻടോയും, ടി മോഡലും. ഫൈനൽ കളിച്ച അർജന്റീനക്കാർ നൽകിയ ടിൻടോ ആണ് ആദ്യ പകുതിയിൽ ഉപയോഗിച്ചത്. അപ്പോൾ അവർ 2-1നു മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പന്തു മാറി, അപ്പോൾ അത് ഉറൂഗ്വേ നൽകിയ ടി മോഡൽ ഉപയോഗിച്ചായി കളി. ഒടുവിൽ അവർ 4-2ന് വിജയിക്കുകയും കപ്പ് സ്വന്തമാക്കുകയും ചെയ്തു.
34ൽ ഇറ്റാലിയൻ ലോകകപ്പിൽ ഉപയോഗിച്ചത് റോമിൽ നിർമ്മിച്ച " ഫെഡറലേ 102" എന്ന കൈകൊണ്ട് തുന്നിയെടുത്ത തുകൽ പന്തായിരുന്നു.38ൽ അത് "അലൻ ആയി " അലൻ പാരീസ് " എന്ന ആഡംബര തുകൽ വ്യവസായ സ്ഥാപനം നിർമ്മിച്ച 13 ലെതർ പാനലുകളോട് കൂടിയ വെള്ള നിറമുള്ള " ലേസ് ' കൊണ്ടു തുന്നിക്കെട്ടിയ സുന്ദരൻ പന്ത്. 1950 ആയപ്പോഴേക്കും അവൻ കുറെ കൂടി സുന്ദരനായി. കുത്തിക്കെട്ടുന്ന ലേസുകൾക്ക് പകരം വാൽവുള്ള പുതിയ തലമുറയുടെ തുടക്കം പേര് "ഡ്യുപ്ലോ ടി". ബ്രസീലിലെ സൂപ്പർ ബോൾ നിർമ്മാതാക്കളുടെ വക.
54ൽ സ്വിറ്റ്സർലൻഡിൽ എത്തിയപ്പോൾ അവർ അതിനു അവരുടെ തന്നെ പാരമ്പര്യ പേരു കൊടുത്തു. "സ്വിസ് വേൾഡ് ചാമ്പ്യൻ". ബാസലിലെ കോസ്റ്റ് സ്പോർട്സ് നിർമ്മിച്ച 18 പാനൽ ബോൾ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പന്ത് ഉപയോഗിച്ച് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടത്തിയത് 1958ൽ സ്വീഡനിൽ ആയിരുന്നു. ഫിഫ ക്ഷണിച്ച ടെന്ററിൽ 102 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഒടുവിൽ വിജയിച്ചത് ആങ്ങൾഹോമിലെ 'സിഡെസ്‌ക ലേതർ ഒ സി എച്ച് റെം ഫാബ്രിക്ക്' എന്ന സ്ഥാപനം. നിർമ്മിച്ച പന്തിന്റെ പേര് "ടോപ് സ്റ്റാർ" എന്നായിരുന്നു.
62ൽ ചിലിയിൽ പന്ത് പലപ്പോഴും വില്ലനായി. യൂറോപ്യൻ രാജ്യങ്ങൾ ചിലിയിൽ നിർമ്മിച്ച പന്തുകൾക്ക് നിലവാരമില്ലന്ന് പരാതി പറഞ്ഞു, കളിക്കാൻ വിസമ്മതിച്ചു. പരിഹാരമായി പല ബ്രാൻഡ് പന്തുകൾ വിവിധ മത്സരങ്ങള്‍ക്ക് മാറി മാറി ഉപയോഗിച്ചു. എന്നാൽ ഫൈനൽ കളിച്ചത് ചിലിയിലെ സെനോർ കസ്റ്റഡിയോ സമോറ നിർമ്മിച്ച " ക്രാക്ക് " എന്ന പന്തുകൊണ്ട്. ഇംഗ്ലീഷുകാർ 1966ൽ അവരുടെ പാരമ്പര്യം അനുസരിച്ച് സ്ലാസഞ്ചേർ കമ്പനി നിർമ്മിച്ച ഓറഞ്ചും മഞ്ഞയും നിറമുള്ള ( രണ്ടു തരം പന്തുകൾ ) ആണ് ഉപയോഗിച്ചത്. 18 പാനലുകളുള്ള ചലഞ്ചർ 4 സ്റ്റാർ ഉപയോഗിച്ച് കളിച്ച വെള്ളക്കാർ കപ്പും നേടി.
അഡീഡാസ് കമ്പനി ഫുട്ബോൾ ലോകം കീഴടക്കാനെത്തിയത് 1970 ൽ മെക്സിക്കോ വഴിയായിരുന്നു. അന്നത്തെ അവരുടെ പന്തുകളി വിപ്ലവം ഇപ്പോഴും തുടരുന്നു. 32 പാനലുകളുള്ള കറുപ്പും വെള്ളയും നിറമുള്ള ഭംഗിയുള്ള ടെല സ്റ്റാർ ആയിരുന്നു ഇറ്റലിയും ബ്രസീലും തമ്മിലുള്ള ഫൈനലിൽ കളിക്കാൻ ഉപയോഗിച്ചത്. ജർമൻകാർ ലോക കപ്പ് നടത്തിയ 74ൽ ജർമൻ കമ്പനി നിർമ്മിച്ച പന്ത് " ഹൈ ടെക്ക് " ആയി. ആദ്യത്തെ പോളി യൂറിതിൻ ആവരണമുള്ള വാട്ടർ പ്രൂഫ് പന്ത്. പേര് മെക്സിക്കോയിലേതു പോലെ "ടെല സ്റ്റാർ. കലാശക്കളിക്ക് ഉപയോഗിച്ച പന്തിന്റെ പേര് ടെല സ്റ്റാർ ഡ്യുർലാസ്റ്റു".
ആദ്യത്തെ പെന്റഗനൽ പാനലുള്ള പന്ത് 78ൽ അർജന്റീന ലോകകപ്പിൽ. അഡീഡാസ് പന്ത് പുതിയ പേരിൽ കൂടുതൽ ജനകീയനായി. അർജന്റീനക്കാരുടെ ജനകീയ നൃത്തമായ ടാങ്കോ എന്ന് തന്നെ അവരുടെ ലോകകപ്പ് പന്തിനും അവർ പേര് നൽകി. തുടർന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പിനും ഒളിമ്പിക്സിനും അതേ ശ്രേണിയിലുള്ള പന്തുകൾ ഉപയോഗിച്ചു. 82ൽ സ്‌പെയിനിൽ അവൻ 'ടാങ്കോ എസ്പനിയ' ആയി. കൂടുതൽ ശാസ്ത്രീയവും റബ്ബർ മിശ്രിതം പുറം ചട്ടയായുള്ള ആദ്യ പന്ത് 86ൽ. രണ്ടാം മെക്സിക്കോ ലോകകപ്പോടെ തുകൽ പന്തിന്റെ കാലം കഴിഞ്ഞു.
'അക്സെറ്റാ' എന്ന പുതിയ പന്തിന്ആ പേര് വന്നത്, 15/16 നൂറ്റാണ്ടുകളിൽ മെക്സിക്കോയിലെ പ്രബല വിഭാഗവും ഭരണാധികാരികളും ആയിരുന്ന അക്സെറ്റാ വിഭാഗത്തെ അനുസ്മരിക്കാൻ ആയിരുന്നു. കൈകൊണ്ടു തുന്നി എടുത്ത ആദ്യത്തെ അഡിഡാസ് സിന്തറ്റിക് ഫുട്ബോൾ ആയിരുന്നു അക്സെറ്റാ. 90ൽ ഇറ്റലിയിൽ ഉപയോഗിച്ചത് അഡിഡാസിന്റെ 'എറ്റ്റ്സ്ക്കോ ഉനീക്കോ' എന്ന പരിഷ്കരിച്ച പന്തും മുൻഗാമിയെപ്പോലെ കരകൗശല ഉൽപ്പന്നമായിരുന്നു. ഇറ്റലിയിലെ ഒരു പൗരാണിക വിഭാഗക്കാരുടെ കലാസംസ്കാരിക പൈതൃകം വ്യക്തമാകുന്നതായിരുന്നു എറ്റ്റ് സ്ക്കൊ ഉനീക്കൊ എന്ന പേര്.
ക്വയെസ്ട്ര അല്ലങ്കിൽ താരങ്ങളെ തേടി എന്ന പേരായിരുന്നു 1994 അമേരിക്കൻ ലോകകപ്പിന് അഡിഡാസ് നൽകിയത്. പേരിൽ മാത്രമേ ലോകകപ്പ് പന്തിനു മാറ്റമുണ്ടായിരുന്നുള്ളൂ. സാങ്കേതിക നിർമ്മാണ ശൈലിയും ഉപയോഗിച്ച വസ്തുക്കളും മുൻഗാമിയുടേത് തന്നെയായിരുന്നു. കൈകൊണ്ടു തുന്നിയുണ്ടാക്കിയ സിന്തറ്റിക് പന്ത് 96 ഒളിമ്പിക്സിനും അതേ വർഷത്തിലെ ഇംഗ്ലണ്ട് യുറോ കപ്പിലും ഉപയോഗിച്ചു. 1998 ഫ്രഞ്ച് ലോക കപ്പിൽ സിദാനും കൂട്ടുകാരും ഗോളുകൾ അടിച്ചുകൂട്ടി കപ്പ് നേടിയപ്പോൾ ഫ്രഞ്ച് ദേശീയ പതാകയുടെ പര്യായമായ ട്രൈ കളർ ( ട്രിക്കുളോ, ഫ്രഞ്ച് ഉച്ചാരണം ) എന്ന് തന്നെയായി അന്നുപയോഗിച്ച പന്തിനും.
പേര് പോലെ തന്നെ മൂവർണ്ണം ആദ്യമായാണ് " നിറമുള്ള പന്തു" ലോക കപ്പിന്റെ ഭാഗമായത്. 2002 ൽ ഏഷ്യൻ വൻകര ആദ്യമായി ലോക കപ്പിന് ആതിഥേയരായപ്പോൾ അഡിഡാസ് അവരുടെ പന്തിനു കൊടുത്ത പേരായിരുന്നു ഫെവെർനോവ. 78 ലെയും 82 ലെയും ടാങ്കോ പന്തിന്റെ പുനർ അവതാരമായിരുന്നു പുതിയ ഫെവെർനോവ. ടീം ഗയിസ്റ്റ് എന്ന ജർമൻ വാക്കിനു അർഥം ടീം സ്പിരിറ്റ് എന്നാണ്. 2006 ൽ ജർമനി ലോക കപ്പ് നടത്തിയപ്പോൾ അവരുപയോഗിച്ച പന്തിനു ഇതിലും മെച്ചമായ ഒരു പേരുണ്ടായിരുന്നില്ല. 'അഡിഡാസ് പ്ലസ് ടീം ഗയിസ്റ്റ്' എന്നായിരുന്നു ഫൈനൽ കളിച്ച പന്തിന്റെ പേര്.
ആഘോഷവും സന്തോഷവും ആയിരുന്നു 2010 ലെ ദക്ഷിണ ആഫ്രിക്കൻ ലോക കപ്പിന്റെ മുഖമുദ്ര. അതുകൊണ്ടു തന്നെ സൂളൂ ഭാഷയിലെ ബീ ഹാപ്പി എന്നർത്ഥമുള്ള ജബുലാനി എന്നു തന്നെയായി അവരുടെ ലോക കപ്പ് പന്തിനും. ടാങ്കോ മോഡൽ പന്തിന്റെ പരിഷ്കരിച്ച പന്തായിരുന്നിത് നമ്മളിൽ ഒരുവൻ എന്ന അർഥമുള്ള ബ്രസൂക്കാ ആയിരുന്നു 2014 ബ്രസീൽ ലോക കപ്പിന്. " കളിച്ച " പന്തിന്റെ പേര് ദേശ വ്യാപകമായി നടത്തിയ ഒരു " പേരിടൽ മത്സരത്തിലെ വിജയിയായിരുന്നു ബ്രസൂക്കാ. ഫൈനൽ കളിച്ച പന്തിനു അവർ ബ്രസൂക്കാ ഫൈനൽ റിയോ എന്ന് പേരിട്ടു. ബ്രസീലിന്റെ ദേശീയ പതാകയിലെ മഞ്ഞയും കറുപ്പും പച്ചയും നിറവും നൽകി.
2018 റഷ്യൻ ലോകകപ്പായപ്പോഴാണ് അഡിഡാസ് അതുവരെ ലോകകപ്പിന് നൽകിയ പന്ത് എവിടെ നിന്ന് വന്നതാണെന്ന് ലോകമറിഞ്ഞത്. ടെലസ്റ്റാർ 18 എന്നപേരിൽ പ്രാഥമിക റൗണ്ടുകളിലും തുടർന്ന് പ്രീ ക്വാർട്ടർ മുതൽ ഫൈനൽ വരെ കളിച്ച പന്തിന് ടെലസ്റ്റാർ മെച്റ്റാ എന്നായിരുന്നു പേര്. 'ഡ്രീം'- സ്വപ്നം എന്ന് അർഥം. അത് കൈകൊണ്ടു തുന്നിയുണ്ടാക്കിയത് പാക്കിസ്ഥാനിലെ സിയാൽകോട്ടിലുള്ള ഫോർവേഡ് സ്പോർട്സ് എന്ന ചെറുകിട സ്ഥാപനത്തിലെ വിദഗ്ധ തൊഴിലാളികളും. ഇപ്പോഴും അഡിഡാസ് ബ്രാൻഡ് ആയി വിപണിയിലുള്ള പന്തുകൾ നിർമ്മിക്കുന്നത് ചൈനയിലും പാകിസ്ഥാനിലുമാണ്.
ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തിന്റെ പേര്- "രിഹ് ല" സഞ്ചാരം- യാത്ര-Travel book എന്നൊക്കെ അര്‍ത്ഥം. ലോക നഗരങ്ങളെ പറ്റിയും വിസ്മയ സഞ്ചാരങ്ങളെക്കുറിച്ചും പ്രതിപാതിക്കുന്ന ചിന്തിക്കുന്നവർക്കുള്ള സമ്മാനം എന്നർത്ഥമുള്ള പുസ്തകം ആണ് രിഹ് ല എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകളിലെ ലോക പരിസ്ഥിതികളെ കുറിച്ചു നല്ല അറിവുകൾ ലഭിക്കുന്ന ഈ പുസ്തകം തന്നെയാണ് പ്രതീകാത്മകമായി ഖത്തർ ലോകകപ്പിന് കളിക്കുന്ന പന്തിനു ലഭിച്ചിരിക്കുന്നത്.