ക്രിക്കറ്റിന് പിന്നാലെ ഇംഗ്ലണ്ടിനായി ഫുട്ബോളിലും ‘അരങ്ങേറ്റം’ കുറിച്ച് ജാർവോ
ഡബ്ളിൻ: ക്രിക്കറ്റ് ഗ്രൗണ്ട് കൈയ്യേറ്റങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച ജാർവോ ഫുട്ബോൾ ഗ്രൗണ്ടിലും ഇംഗ്ലണ്ടിനായി ‘അരങ്ങേറി’. ഇംഗ്ലണ്ടും അയർലാൻഡും തമ്മിൽ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിനിടെയാണ് ജാർവോ എന്ന പേരിലറിയപ്പെടുന്ന ഡാനിയൽ ജാർവിസ് ഗ്രൗണ്ട് കൈയ്യേറിയത്. ടീമംഗങ്ങൾ ദേശീയ ഗാനത്തിനായി അണിനിരന്നപ്പോൾ ഇംഗ്ലണ്ട് ജഴ്സിയണിഞ്ഞ ജാർവോ ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഒടുവിൽ സുരക്ഷ ഉദ്യോഗസ്ഥരെത്തി പിടിച്ചുമാറ്റി.
2021ൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ പലവട്ടം ഗ്രൗണ്ടിലെത്തിയ ജാർവോ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിനിടെ ചെന്നൈ സ്റ്റേഡിയത്തിലും ജാർവോ എത്തി. തുടർന്ന് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിൽ നിന്നും ജാർവോക്ക് ഐ.സി.സി വിലക്കേർപ്പെടുത്തിയിരുന്നു.
പോയ വർഷം ലിവർപൂളും വോൾവ്സും തമ്മിലുള്ള എഫ്.എ കപ്പ് മത്സരത്തിന്റെ കവറേജിനിടെ ബി.ബി.സി സ്പോർട്ട് ലൈവിൽഅശ്ലീല ശബ്ദമുണ്ടാക്കിയും ജാർവോ വാർത്തകളിൽ നിറഞ്ഞു. പാരിസ് ഒളിമ്പിക്സ് സമാപന ചടങ്ങിനിടെ ബ്രിട്ടീഷ് അത്‍ലറ്റുകളുടെ വേഷത്തിൽ നുഴഞ്ഞുകയറിയ ജാർവോ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം സെൽഫിയെടുത്തും ‘ശ്രദ്ധ’ നേടി.