രണ്ട് കളി ഫസ്റ്റ് ഓവര്‍ മെയ്ഡന്‍‌; ഇന്ന് ആദ്യ അഞ്ച് പന്തുകളില്‍ ഒരു റണ്‍സ്; രാഹുലിന്‍റെ 'രാഹുകാലം'

2014 മുതലുള്ള കണക്കെടുത്താൽ 28 മെയ്ഡൻ ഓവറുകളാണ് ഐ.പി.എല്‍ മത്സരങ്ങളില്‍ പിറന്നത്. ഇതിൽ 12 എണ്ണത്തിലും ബാറ്റ് ചെയ്തത് രാഹുലായിരുന്നു!

Update: 2023-04-28 16:19 GMT
Advertising

ലഖ്നൌ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ.എല്‍ രാഹുലിന്‍റെ മെല്ലെപ്പോക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിരന്തരം വിമര്‍ശനങ്ങള്‍ വരിക പതിവാണ്. സ്കോര്‍കാര്‍ഡില്‍ റണ്‍സുണ്ടാകുമെങ്കിലും സ്ട്രൈക് റേറ്റ് നോക്കുമ്പോള്‍ ഇന്നിങ്സിന്‍റെ നിലവാരം എത്രത്തോളമുണ്ടെന്ന് മനസിലാകും. 

അതിനിടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഓവര്‍ മെയ്ഡനാക്കിയതിലൂടെ ഐപിഎല്‍ ചരിത്രത്തിലെത്തന്നെ രാഹുലിന്‍റെ നാണക്കേടിന്‍റെ റെക്കോര്‍ഡും പുറത്തുവന്നിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലായിരുന്നു രാഹുല്‍ ആദ്യ ഓവറില്‍ റണ്‍സൊന്നുമെടുക്കാതെ മെയ്ഡനാകുന്നത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ ട്രെന്‍റ് ബൌള്‍ട്ടിന്‍റെ ഓപ്പണിങ് ഓവറില്‍ റണ്‍സെടുക്കാനാകാതെ മെയ്ഡനായ രാഹുല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും ഷമിയുടെ ആദ്യ ഓവറില്‍ മെയ്ഡന്‍ ആയി. ഇതോടെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഓപ്പണിങ് ഓവറില്‍ റണ്‍സെടുക്കാതെ മെയ്ഡനാകുന്ന ബാറ്റര്‍ ആയി രാഹുല്‍ മാറി. ഇത് മാത്രമല്ല മെല്ലെപ്പോക്കിന്‍റെ കാര്യത്തിലെ രാഹുലിന്‍റെ റെക്കോര്‍ഡ്.

2014 മുതലുള്ള കണക്കെടുത്താൽ 28 മെയ്ഡൻ ഓവറുകളാണ് ഐ.പി.എല്‍ മത്സരങ്ങളില്‍ പിറന്നത്. ഇതിൽ 12 എണ്ണത്തിലും ബാറ്റ് ചെയ്തത് രാഹുലായിരുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന വസ്തുത. ഈ 12 ഓവറുകളും പവർപ്ലേയിലായിരുന്നു എന്നതാണ് രാഹുല്‍ എഫക്ടിലെ മറ്റൊരു കൗതുകം.

ഇന്ന് പഞ്ചാബിനെതിരായ മത്സരത്തിലും രാഹുലിന്‍റെ ആദ്യ ഓവര്‍ സമീപനത്തിന് മാറ്റമൊന്നുമുണ്ടായില്ല. പക്ഷേ കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് രാഹുല്‍ നില മെച്ചപ്പെടുത്തി. ആദ്യ അഞ്ച് പന്തുകളില്‍ നേടിയത് ഒരു റണ്‍സ്. പിന്നീട് ഒന്‍പത് പന്തുകളില്‍ 12 റണ്‍സ് നേടിയ താരം റബാദയുടെ പന്തില്‍ പുറത്തായി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News