''ധോണിയെ പോലെയോ കോഹ്ലിയെ പോലെയോ ആവാൻ എനിക്ക് കഴിയില്ല''; മനസ്സു തുറന്ന് ഡുപ്ലെസിസ്
''ധോണിയെ ഞാൻ ദൂരത്ത് നിന്ന് വീക്ഷിക്കാറുണ്ടായിരുന്നു''
ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹന്ദ്രേസിങ് ധോണിയേയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലിയേയും വാനോളം പുകഴ്ത്തി ഫാഫ് ഡുപ്ലെസിസ്. ധോണിയടക്കമുള്ള താരങ്ങൾക്കൊപ്പം കളിക്കാനായത് ഭാഗ്യമാണെന്നും കോഹ്ലിയെ പോലെയോ ധോണിയോ പോലെയോ മികച്ചൊരു ക്യാപ്റ്റനാവാന്‍ കഴിയില്ലെന്നും ഡുപ്ലെസിസ് പറഞ്ഞു.
''മികച്ച താരങ്ങളോടൊപ്പം കളിക്കുന്നത് ഒരു ഭാഗ്യമാണ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിക്കുമ്പോൾ ഗ്രേയം സ്മിത്തായിരുന്നു നായകൻ. പിന്നീട് ചെന്നൈയിലേക്ക് ഐ.പി.എൽ കളിക്കാനെത്തി. ആ വർഷം ഒരു കളി പോലും കളിക്കാനായില്ല. ആ സീസണിൽ ഞാന്‍ പല കാര്യങ്ങളും പഠിക്കുകയായിരുന്നു.
ചെന്നൈയിലായിരിക്കേ ധോണിയെ ഞാൻ ദൂരത്ത് നിന്ന് വീക്ഷിക്കാറുണ്ടായിരുന്നു. അദ്ദേഹമെങ്ങനെയാണ് കരിയറിൽ വിജയിച്ചതെന്ന് പഠിക്കുകയായിരുന്നു ഞാൻ. അന്താരാഷ്ട്ര ക്രിക്കറ്റിലും പ്രാദേശിക ടൂർണമെന്റുകളിലും ക്യാപ്റ്റൻ എന്ന നിലയിൽ വിജയിച്ച അപൂർവം താരങ്ങളിലൊരാണ് അദ്ദേഹം. ധോണിയെ പോലെയോ വിരാട് കോഹ്ലിയെ പോലെയോ ഒരു ക്യാപ്റ്റനാവാൻ എനിക്ക് കഴിയില്ല''- ഡുപ്ലെസിസ് പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡുപ്ലെസിസ് മനസ്സു തുറന്നത്.