'യൂറോപ്പില്‍ ഇതൊക്കെ സര്‍വ്വ സാധാരണം'; അശ്ലീല ആംഗ്യത്തില്‍ പ്രതികരണവുമായി ക്രിസ്റ്റ്യാനോ
''ഞാൻ ഉറപ്പുനൽകുന്നു, ഇനി ഒരിക്കലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ല''
കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് ആരാധകരോട് ക്ഷമാപണം നടത്തി അല്‍ നസറിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്‍റെ പ്രവൃത്തി തെറ്റിദ്ധരിക്കപ്പെട്ടു എന്നും യൂറോപ്പില്‍ ഇതൊക്കെ സര്‍വ സാധാരാണമാണെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
''ഞാൻ ഉറപ്പുനൽകുന്നു, ഇനി ഒരിക്കലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ല. എന്‍റെ പ്രവൃത്തികൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. യൂറോപ്പിൽ ഇത് സർവ്വ സാധാരണമാണ്. എന്നാൽ ഞാൻ കളിക്കുന്ന രാജ്യത്തെ ബഹുമാനിക്കുന്നു. എല്ലാ രാജ്യങ്ങളിലെയും സംസ്‌കാരങ്ങളെയും ആദരവോടെയാണ് കാണുന്നത്. ചില സമയങ്ങളിൽ കളിയുടെ ആവേശം തെറ്റുകൾ വരുത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത്തരം പ്രവൃത്തികൾ ഇനി എന്റെ ഭാഗത്തുനിന്നുണ്ടാകില്ല''- ക്രിസ്റ്റ്യാനോ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് അല്‍ ശബാബിനെതിരായ വിജയത്തിനു ശേഷമായിരുന്നു ഏറെ വിവാദമായ സംവമരങ്ങേറിയത്. ഗാലറിയില്‍ നിന്ന് ശബാബ് ആരാധകര്‍ മെസ്സി എന്ന് വിളിച്ച് റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് താരം കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചത്.
സൗദി പ്രോ ലീഗിന് പരാതി ലഭിച്ചതോടെ താരത്തിനെതിരെ ഒരു മത്സരം വിലക്കും 20,000 റിയാല്‍ പിഴയും വിധിച്ചു. ക്രിസ്റ്റ്യാനോയുടെ മോശം ആംഗ്യം മൈതാനത്തെ ടെലിവിഷന്‍ ക്യാമറകളില്‍ കാണിച്ചിരുന്നില്ല. എന്നാൽ ഗ്യാലറിയിലെ ചില ആരാധകര്‍ പകര്‍ത്തിയ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.