''ആ മെഡല്‍ ഇന്നെനിക്ക് വേണം''; തകർപ്പൻ ക്യാച്ചിന് ശേഷം ഫീല്‍ഡിങ് കോച്ചിനെ ചൂണ്ടി ജഡേജ

ക്യാച്ചെടുത്ത ശേഷം ഇന്ത്യൻ ഫീൽഡിങ് കോച്ചിനെ നോക്കി ഒരു മെഡൽ കഴുത്തിലണിയുന്നത് പോലെയാണ് ജഡേജ ആംഗ്യം കാണിച്ചത്

Update: 2023-10-19 13:47 GMT
Advertising

പൂനേ: ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ബോളർമാരുടെ നിറഞ്ഞാട്ടം ഒരിക്കൽ കൂടി ആരാധകർ കണ്ടു. ബംഗ്ലാദേശ് ഓപ്പണർമാർ ആദ്യം  ഒന്ന് വിറപ്പിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ബംഗ്ലാദേശ് ബാറ്റിങ് നിര തകർന്നടിഞ്ഞു. 50 ഓവറിൽ 256 റൺസെടുക്കാനേ ബംഗ്ലാ കടുവകള്‍ക്കായുള്ളൂ.

മത്സരത്തിൽ ഇന്ത്യൻ ഫീൽഡർമാരുടെ പ്രകടനവും ഏറെ മികച്ചതായിരുന്നു. രണ്ട് മനോഹര ക്യാച്ചുകളാണ് ബംഗ്ലാദേശിനെതിരെ ഇന്ന് പിറവിയെടുത്തത്. അതിലൊന്ന് സിറാജിന്റെ പന്തിൽ മെഹ്ദി ഹസനെ പുറത്താക്കാൻ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലെടുത്തതാണ്. മറ്റൊന്ന് ബുംറയുടെ പന്തിൽ മുഷ്ഫിഖു റഹീമിനെ പുറത്താക്കാൻ രവീന്ദ്ര ജഡേജ എടുത്തതും.

മുഷ്ഫിഖു റഹീമിന്റെ ഷോട്ടിനെ ഓഫ് സൈഡിൽ പറന്ന് കൈപ്പിടിയിലൊതുക്കിയ ജഡേജയുടെ ആഘോഷമാണിപ്പോൾ സോഷ്യൽ മീഡിയയില്‍ ക്രിക്കറ്റ് ആരാധകരുടെ ചർച്ചകളിൽ നിറയേ. ക്യാച്ചെടുത്ത ശേഷം ഇന്ത്യൻ ഫീൽഡിങ് കോച്ചിനെ നോക്കി ഒരു മെഡൽ കഴുത്തിലണിയുന്നത് പോലെയുള്ള ആംഗ്യം കാണിക്കുകയായിരുന്നു ജഡേജ.

എല്ലാ മത്സരങ്ങൾക്ക് ശേഷവും മത്സരത്തിലെ മികച്ച ഫീൽഡർക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ വച്ച് ഫീല്‍ഡിങ് കോച്ച് ടി.ദിലീപ് മെഡൽ നൽകാറുണ്ട്. ഇത് സൂചിപ്പിച്ചാണ് ജഡേജയുടെ ആംഗ്യം. ബൗണ്ടറി ലൈന് അരികിലുണ്ടായിരുന്ന  ദിലീപ് ജഡേജയെ നോക്കി ചിരിച്ച് കൊണ്ട് കയ്യടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു. മത്സരത്തില്‍ പത്തോവര്‍ എറിഞ്ഞ ജഡേജ വെറും 38 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News