'ദൈവത്തിനേ പാക് ടീമിനെ രക്ഷിക്കാനാവൂ'; രൂക്ഷവിമർശനവുമായി മുൻ നായകൻ

'ബാബർ വളരെ ലാഘവത്തിലാണ് കാര്യങ്ങളെ സമീപിക്കുന്നത്'

Update: 2024-06-08 13:43 GMT
Advertising

സമീപകാലത്ത് ദയനീയമാണ് പാക് ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങൾ. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന പരമ്പരയിൽ ഇംഗ്ലണ്ടിനോട് അമ്പേ പരാജയപ്പെട്ടതിന് പിന്നാലെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ക്രിക്കറ്റ് ലോകത്ത് വലിയ മേൽവിലാസം പോലുമില്ലാത്ത അമേരിക്കയോട് നാണംകെട്ട തോൽവി വഴങ്ങി. ഇതോടെ ഗ്രൂപ്പ് എ മരണഗ്രൂപ്പായെന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. സൂപ്പർ ഓവറിൽ പ്രവേശിക്കാൻ ഇിയുള്ള മത്സരങ്ങളിൽ പാക് പടക്ക് വിജയം അനിവാര്യമാണ്. അമേരിക്കക്കെതിരായ തോൽവിക്ക് പിറകേ നിരവധി പാക് ഇതിഹാസങ്ങളാണ് ബാബറിനും സംഘത്തിനുമെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ മുൻ പാക് നായകൻ മിസ്ബാഹുൽ ഹഖും പാക് ടീമിനെതിരെ വിമർശനമുയർത്തുകയാണ്.

''ടീം പ്രഖ്യാപിച്ചത് മുതൽ  ടീമിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾ പറയുന്നുണ്ട്. ഈ ടീം ഒട്ടും സന്തുലിതമല്ല. ഒരു ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടർ നമുക്കില്ല. ബാബർ വളരെ ലാഘവത്തിലാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഇനി എല്ലാം ദൈവത്തിന് വിടുക എന്നതല്ലാതെ മറ്റ് മാർഗങ്ങളില്ല. പ്ലാനുകൾ നടപ്പിലാക്കുന്നതിൽ ടീം പരാജയപ്പെട്ടു എന്ന് ബാബർ പറയുന്നു. എന്നാൽ നമുക്ക് പ്ലാനുകൾ ഒന്നുമില്ല എന്നതാണ് സത്യം. ആദ്യ ഓവറിന് ശേഷം ആര് പന്തെറിയണം എന്ന കാര്യത്തിൽ പോലും പ്ലാനില്ല. നസീമും ആമിറും ഒരേ സമയം പന്തെറിയാൻ ബോളിങ് എന്റിലേക്ക് പോവുന്നു.സൂപ്പർ ഓവറിൽ എന്താണ് ചെയ്യേണ്ടത് എന്ന് കളിക്കാർക്ക് അറിയുന്നില്ല. കളിയും മുഴുവൻ മേഖലകളിലും അവർ പരാജയപ്പെട്ടു. ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് ബോർഡിൽ അത്രക്ക് സുഖകരമല്ല കാര്യങ്ങൾ. ചെയർമാൻ സ്ഥാനത്തേക്കും ക്യാപ്റ്റൻ സ്ഥാനചത്തേക്കും കസേര കളിയാണ് നടക്കുന്നത്. ഈ പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കാണാൻ നമുക്കായിട്ടില്ല''- മിസ്ബാഉല്‍ ഹഖ് പറഞ്ഞു. 

ടി20 ലോകകപ്പില്‍  പാകിസ്താനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം ചരിത്ര വിജയമാണ് കുറിച്ചത് . ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ലോകകപ്പിലും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് യു.എസ്.

പാകിസ്താൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യു.എസ്.എ നിശ്ചിത 20 ഓവറിൽ 159 റൺസ് തന്നെ എടുത്തു. പിന്നീട് സൂപ്പർ ഓവറാണ് കളിയുടെ വിധി നിര്‍ണയിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക മുഹമ്മദ് ആമിറിന്റെ ഓവറിൽ അടിച്ചെടുത്തത് 18 റൺസ്. മറുപടി ബാറ്റിങ്ങിൽ സൗരഭ് നേത്രാവൽക്കറെന്ന ഇന്ത്യൻ വംശജന്റെ തീപ്പന്തുകൾക്ക് മുന്നിൽ പാക് പടക്ക് മുട്ടിടിച്ചു. വെറും 9 റൺസാണ് പാക് ബാറ്റർമാർക്ക് നേടാനായത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News