'പാണ്ഡ്യയെ സംശയിച്ച മുംബൈ ആരാധകരേ.. ഇതാ അയാളുടെ മറുപടി'- ഡിവില്ലിയേഴ്സ്
'അയാളോട് ഏറെ ബഹുമാനം തോന്നുന്ന സമയമാണിത്'
ഇക്കുറി ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യക്ക് കഷ്ടകാലമായിരുന്നു. ഗുജറാത്തിനെ ഒരു തവണ കിരീടം ചൂടിക്കുകയും ഒരു തവണ കലാശപ്പോരിലേക്കെത്തിക്കുകയും ചെയ്ത പെരുമയുമായി മുംബൈയിലെത്തിയ ഹർദിക് തൊട്ടതെല്ലാം പിഴച്ചു. രോഹിതിനെ മാറ്റി ഹർദികിനെ ക്യാപ്റ്റൻസിയിൽ പ്രതിഷ്ടിച്ചത് മുതൽ ആരാധകർ മാനേജ്‌മെന്റിനെതിരെ തിരിഞ്ഞിരുന്നു. ടീമിന്റെ മോശം പ്രകടനങ്ങളെ തുടർന്ന് ഇത് ഹർദികിനെതിരെയുമായി. പിന്നീട് ഹർദിക് ലോകകപ്പ് ടീമിൽ ഇടംനേടിയപ്പോഴും ആരാധകരുടെ വിമർശനങ്ങൾ തുടർന്നു.
എന്നാൽ ലോകകപ്പിൽ കളി മാറി. ഹർദികിന്റെ അത്യുജ്ജ്വല തിരിച്ചുവരവാണ് ആരാധകർ മൈതാനത്ത് കണ്ടത്. പലപ്പോഴും ടീമിലെ പേരുകേട്ട ബാറ്റർമാർക്ക് പിഴച്ചപ്പോൾ അയാൾ ഡെത്ത് ഓവറുകളിൽ രക്ഷക വേഷം എടുത്തണിഞ്ഞു. കലാശപ്പോരിലടക്കം പന്ത് കൊണ്ടും പാണ്ഡ്യ മൈതാനങ്ങളിൽ തീപടർത്തി. അങ്ങനെ ഇന്ത്യയുടെ രണ്ടാം ലോകകിരീടത്തിൽ അയാൾ നിർണായക സാന്നിധ്യമായി. ഇപ്പോഴിതാ ഹർദികിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്‌സ്.
'മുംബൈ ഇന്ത്യൻസിൽ കഴിഞ്ഞ സീസണിൽ ഹർദിക് നേരിട്ട വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ ലോകകപ്പിൽ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. ഞാൻ പോലുമയാൾ ഇങ്ങനെ ടീമിന്റെ രക്ഷവേഷത്തിൽ അവതരിക്കുമെന്ന് കരുതിയിട്ടില്ല. അയാളോട് ഏറെ ബഹുമാനം തോന്നുന്ന സമയമാണിപ്പോൾ. വലിയ മത്സരങ്ങളിൽ അയാൾ ടീമിന് നിർണായക സംഭാവനകൾ നൽകാറുണ്ട്. അയാളെ സംശയിച്ച മുംബൈ ആരാധകരെ.. നിങ്ങളുടെ ഹൃദയത്തിൽ അയാൾ ഒരിക്കൽ ഇടംനേടുമെന്ന് എനിക്കുറപ്പുണ്ട്.'- ഡിവില്ലിയേഴ്സ് പറഞ്ഞു. ലോകകപ്പിന് പിറകേ പുറത്ത് വന്ന ടി 20 റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ പാണ്ഡ്യ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു.