'ഇന്ത്യന്‍ ടീമില്‍ കയറണോ? ടാറ്റൂ അടിക്കണം, ബോളിവുഡ് നടിമാരുമായി ബന്ധം വേണം'; രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

'ബാഡ് ഗയ് ഇമേജാണ് ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാനുള്ള പ്രധാന മാനദണ്ഡം'

Update: 2024-07-22 08:04 GMT
Advertising

ശ്രീലങ്കൻ പര്യടത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ക്രിക്കറ്റ് ലോകത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രതിഭകൾ ഏറെയുള്ള ഇന്ത്യൻ മണ്ണിൽ ആരെയൊക്കെ ടീമിലെടുക്കണം എന്ന കാര്യം എപ്പോഴും സെലക്ടർമാർക്ക് മുന്നിൽ തലവേദനയാകാറുണ്ട്. ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നിട്ടും നിരന്തരം തഴയപ്പെടുന്ന സഞ്ജു സാംസന്റെ കാര്യത്തിൽ ഇക്കുറിയും മാറ്റമൊന്നുമില്ല. അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സെലക്ടർമാരുടെ കണ്ണിലതൊന്നും ഉടക്കിയില്ല.

ഒരു ഏകദിനം കളിച്ച പരിചയം പോലുമില്ലാത്ത റിയാൻ പരാഗും ഒരു ഏകദിനം മാത്രം കളിച്ച പരിചയമുള്ള ശിവം ദൂബേയുമൊക്കെ ടീമിൽ ഇടംപിടിച്ചപ്പോൾ സഞ്ജു ഇക്കുറിയും പുറത്ത് തന്നെ. ടി20 ടീമിൽ നിന്ന് അഭിഷേക് ശർമയെ തഴഞ്ഞതും ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് ഋതുരാജ് ഗെയിക്വാദിനെ ഒഴിവാക്കിയതുമൊക്കെ ആരാധകർക്കിടയിൽ ചൂടേറിയ ചർച്ചയായി. സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനമുയർത്തി മുൻ താരങ്ങളും രംഗത്തെത്തിയതോടെ ടീം സെലക്ഷനിലെ മാനദണ്ഡങ്ങളെ കുറിച്ച ചോദ്യങ്ങൾ ഉച്ചത്തിൽ ഉയർന്നു കേട്ടു. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം എസ്.ബദ്‍രീനാഥ് ഉയർത്തിയൊരു വിമർശനമിപ്പോൾ വാർത്തകളിൽ നിറയുകയാണ്.

കളിയല്ല ബാഡ് ഗയ് ഇമേജാണ് ഇന്ത്യൻ ടീമിലേക്ക് കയറിപ്പറ്റാനുള്ള പ്രധാന മാനദണ്ഡം എന്നാണ് ബദ്‍രീനാഥ് പറയുന്നത്. ''ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ നിങ്ങൾക്കൊരു 'ബാഡ് ഗയ്' ഇമേജ് ആവശ്യമാണ്. അതിന് നിങ്ങൾക്ക് ബോളിവുഡ് നടിമാരുമായി ബന്ധം വേണം. ദേഹം നിറയേ ടാറ്റു ഉണ്ടാവണം.. മീഡിയാ മാനേജർ വേണം. റിങ്കു സിങ്ങിനും ഋതുരാജ് ഗെയിക്വാദിനും ഇതൊന്നുമില്ലല്ലോ''- ബദ്രീനാഥ് പറഞ്ഞു. സമീപകാലത്ത് ഋതുരാജ് ഗെയിക്വാദ് നടത്തിയ മിന്നും പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബദ്രീനാഥിന്റെ വിമർശങ്ങൾ. സിംബാവേക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ ഗെയിക്വാദ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയിൽ സെഞ്ച്വറിയുമായി ഇന്ത്യൻ ക്രിക്കറ്റിലേക്ക് വരവറിയിച്ച അഭിഷേക് ശർമക്കും ടീമിൽ ടി20 ടീമിൽ ഇടംലഭിച്ചില്ല.

ഹർദികിനെ ഒഴിവാക്കി സൂര്യകുമാർ യാദവിന് ടി20 ക്യാപ്റ്റൻസി പദവി നൽകിയതും ചിലരെ ചൊടിപ്പിച്ചു. അനീതി എന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ ഇതിനെക്കുറിച്ച് പറഞ്ഞത്.

''ഹർദികിന് ക്യാപ്റ്റ്ൻസി നൽകാത്തത് എന്നെ ഞെട്ടിച്ച് കളഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിൽ പോലും രോഹിതിന്റെ അഭാവമുണ്ടായിരുന്നെങ്കിൽ ഹർദിക് ആകുമായിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന് വൈസ് ക്യാപ്റ്റൻസി നൽകിയത് വെറുതെയല്ലല്ലോ. അതിനാൽ തന്നെ രോഹിത് സ്ഥാനമൊഴിഞ്ഞാൽ അടുത്ത ക്യാപ്റ്റൻ ആരാവുമെന്ന കാര്യത്തിൽ നമുക്കാർക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്ന് എങ്ങനെയാണ് ഈ യു ടേൺ സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല. സൂര്യകുമാർ യാദവ് ക്യാപ്റ്റനായതിൽ പ്രശ്നമുണ്ടെന്ന് ഞാൻ പറയുന്നില്ല. ഏറെ പരിജയ സമ്പത്തുള്ള കളിക്കാരനാണ് അദ്ദേഹം. ടീമിനെ അദ്ദേഹം വിജയങ്ങളിലേക്ക് നയിക്കും എന്നെനിക്കുറപ്പുണ്ട്. എന്നാൽ ഹർദികിന്റെ കാര്യത്തിൽ സംഭവിച്ചത് അനീതിയാണ് എന്ന് പറയാതെ വയ്യ''- ബംഗാർ ചൂണ്ടിക്കാട്ടി.

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തേക്ക് സൂര്യകുമാർ യാദവിൻറെ പേര് കൂടി ഉയർന്നു കേട്ട് തുടങ്ങിയത്. ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ചെങ്കിലും ഹർദികിന്റെ സ്ഥിരതയില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളും ക്യാപ്റ്റൻസി ചർച്ചകളിൽ അദ്ദേഹത്തിന് എതിരായി. കൂടാതെ ഗംഭീറിനും രോഹിത് ശർമക്കും അഗാർക്കറിനും ഹർദികിന് പകരം സൂര്യയെ ക്യാപ്റ്റനാക്കുന്നതിലായിരുന്നു താൽപര്യം.

രണ്ട് പരമ്പരകളിൽ ഇന്ത്യയെ നയിച്ച അനുഭവസമ്പത്താണ് സൂര്യ കുമാർ യാദവിനുള്ളത്. ഏഴ് ടി20 മത്സരങ്ങളിൽ താരം ഇന്ത്യയെ നയിച്ചു. ഏകദിന ലോകകപ്പിന് ശേഷം ഓസീസിനെതിരെ നടന്ന പരമ്പര ഇന്ത്യ 4-1 ന് വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ക്യാപ്റ്റനായിരിക്കേ തന്നെ പ്രോട്ടീസിനെതിരായ പരമ്പരയിൽ മാൻ ഓഫ് ദ സീരീസ് അവാർഡ് സൂര്യയെ തേടിയെത്തി. ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് സൂര്യ. 68 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ താരം 2340 റൺസ് അടിച്ചെടുത്തു. നാല് സെഞ്ച്വറികളും 19 അർധ സെഞ്ച്വറികളും ഈ 33 കാരന്റെ പേരിലുണ്ട്. ഏറെക്കാലം ഐ.സി.സി.യുടെ ടി20 റാങ്കിങ്ങിൽ ഒന്നാമതായിരുന്നു സൂര്യ. ഇപ്പോൾ ട്രാവിസ് ഹെഡ്ഡിന് താഴെ 797 റേറ്റിങ്ങിൽ രണ്ടാമതാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News