പയ്യെ തുടങ്ങി, പിന്നെ ആളിക്കത്തി; ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരവറിയിച്ച് നിതീഷ് റെഡ്ഡി

ആദ്യ പത്ത് പന്തിൽ വെറും 12 റൺസ് മാത്രമായിരുന്നു നിതീഷിന്റെ സമ്പാദ്യമെങ്കിൽ അടുത്ത 20 പന്തിൽ അയാൾ അടിച്ചെടുത്തത് 60 റൺസാണ്

Update: 2024-10-10 09:40 GMT
Advertising

അരുൺ ജെയ്റ്റ്‌ലീ സ്‌റ്റേഡിയത്തിന്റ ഗാലറിയിലേക്ക് പറന്നിറങ്ങിയ ഏഴ് പടുകൂറ്റൻ സിക്‌സറുകൾ. നിതീഷ് കുമാർ റെഡ്ഡി എന്ന 21 കാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ തന്റെ വരവറിയിക്കുകയായിരുന്നു. ബാറ്റർമാരുടെ പൂരപ്പറമ്പായ അരുൺ ജെയ്റ്റ്‌ലീ സ്റ്റേഡിയത്തിൽ ആറോവർ പൂർത്തിയാവും മുമ്പേ സഞ്ജുവും അഭിഷേക് ശർമയും സൂര്യകുമാർ യാദവും കൂടാരത്തിലെത്തി. അപ്പോൾ ഇന്ത്യൻ സ്‌കോർ വെറും 41. കഴിഞ്ഞ ഐ.പി.എല്ലിൽ ആദ്യം ബാറ്റ് ചെയ്ത് ടീമുകളൊക്കെ 200 കടന്ന മൈതാനത്താണ് ഇന്ത്യ തകർച്ചയുടെ വക്കിലേക്ക് വലിച്ചെറിയപ്പെട്ടത്. എന്നാൽ ആറാം ഓവർ മുതൽ കളിയുടെ ഗതി മാറി.

ക്രീസിലിപ്പോൾ കരിയറിലെ രണ്ടാം അന്താരാഷ്ട ടി20 കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡി ഒപ്പം കഴിഞ്ഞ ജൂലൈക്ക് ശേഷം ആദ്യമായി ഇന്ത്യൻ ജഴ്‌സിയണിയുന്ന റിങ്കു സിങ്. റിങ്കു തുടക്കം മുതൽ തന്നെ ടോപ് ഗിയറിലാവുന്ന സൂചന നൽകിയപ്പോൾ നിതീഷ് പതിയെ ക്രീസിൽ നിലയുറപ്പിച്ച് തുടങ്ങുകയായിരുന്നു. എന്നാൽ ആ മെല്ലെപ്പോക്കിന്റെ ആയുസ് ഒമ്പതാം ഓവർ വരെയായിരുന്നു. നോ ബോളുകൾ ക്രിക്കറ്റ് മൈതാനത്ത് ബോളിങ് ടീമിനുള്ള അപായ സൈറണുകളാണ്. പതിയെ താളംകണ്ടെത്തി തുടങ്ങുന്ന ബാറ്റർമാർക്ക് ഒരു കൂറ്റനടിക്ക് മുതിരാനുള്ള സുവർണാവസരം.

മഹ്‌മൂദുല്ലയെറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്ത് നിതീഷ് കുമാറിന് അങ്ങനെയൊരു ഗോൾഡൻ ഓപ്പർച്യൂനിറ്റിയായിരുന്നു. ലോങ് ഓണിന് മുകളിലൂടെ 82 മീറ്റർ ഉയരത്തിലൊരു പടുകൂറ്റൻ സിക്‌സർ. എന്റെ സമയം വന്നെത്തിയിരിക്കുന്നു എന്ന് ഞാൻ മനസിലാക്കിയത് ആ നിമിഷത്തിലാണ്. മത്സരത്തിന് ശേഷം ആ ഫ്രീഹിറ്റിനെ കുറിച്ച് നിതീഷ് മനസ്സ് തുറന്നത് ഇങ്ങനെയാണ്.

റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ നിതീഷ് ഒരു വെടിക്കെട്ടിന് തിരികൊളുത്തി. മൂന്ന് സിക്‌സുകളടക്കം ആ ഓവറിൽ പിറന്നത് 24 റൺസ്.

തുടക്കത്തിൽ ഇഴഞ്ഞു നീങ്ങിയിരുന്ന ഇന്ത്യൻ സ്‌കോർ പത്താം ഓവറിൽ മൂന്നക്കം തൊട്ടു. തസ്‌കിൻ അഹ്‌മദ് എറിഞ്ഞ അടുത്ത ഓവറിൽ നിതീഷിന്റെ അർധ സെഞ്ച്വറിയെത്തി. 27 പന്തുകളിൽ നിന്നായിരുന്നു നിതീഷിന്റെ ഫിഫ്റ്റി.

പിന്നെ ഗാലറിയിലേക്ക് പെയ്തിറങ്ങിയതൊരു റൺമഴ. അവസരം കിട്ടിയപ്പോഴൊക്കെ റിങ്കു സിങ്ങും ബംഗ്ലാദേശ് ബോളർമാരെ തല്ലിപ്പതം വരുത്തി. മെഹ്ദി ഹസൻ എറിഞ്ഞ 13ാം ഓവറായിരുന്നു മത്സരത്തിലെ ഏറ്റവും എക്‌സപൻസീവായ ഓവർ. ഓവറിലെ രണ്ടാം പന്തിനെ നിതീഷ് ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലെത്തിച്ചു. അടുത്ത പന്തിൽ അതേ ദിശയിൽ ഒരു ബൗണ്ടറി. അഞ്ചാം പന്തിൽ ലോങ് ഓണിലേക്ക് ഒരു പടുകൂറ്റൻ സിക്‌സർ. അവസാന പന്തും ഗാലറിയിലെത്തിച്ച നിതീഷ് റിങ്കുവിനൊപ്പമുള്ള കൂട്ടുകെട്ട് 100 കടത്തി. വെറും 49 പന്തിൽ നിന്നാണ് ഈ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നിതീഷിനെ തൊട്ടടുത്ത ഓവറിൽ മുസ്തഫ്‌സിറഹ്‌മാൻ വീഴ്ത്തി.

സഞ്ജുവിനെയും സൂര്യകുമാറിനെയുമൊക്കെ കടപുഴക്കിയ സ്ലോവർ ബോൾ കൊണ്ട് തന്നെയാണ് ബംഗ്ലാദേശ് നിതീഷിനെയും വീഴ്ത്തിയത്. 34 പന്ത് നേരിട്ട നിതീഷ് അടിച്ചെടുത്തത് 74 റൺസാണ്. ആദ്യ പത്ത് പന്തിൽ വെറും 12 റൺസ് മാത്രമായിരുന്നു നിതീഷിന്റെ സമ്പാദ്യമെങ്കിൽ അടുത്ത 20 പന്തിൽ അയാൾ അടിച്ചെടുത്തത് 60 റൺസാണ്. ഏഴ് സിക്‌സുകളും നാല് ഫോറുകളും അയാളുടെ ബാറ്റിൽ നിന്ന് പ്രവഹിച്ചു.

പിന്നെ റിങ്കുവും ഹർദികും ചേർന്ന് ബംഗ്ലാദേശ് ബോളർമാരെ കണക്കിന് പ്രഹരിക്കുന്ന കാഴ്ചക്കാണ് ഗാലറി സാക്ഷ്യം വഹിച്ചത്. തൻസീം ഹസനെറിഞ്ഞ 16ാം ഓവറിൽ പന്തിനെ മൂന്ന് തവണ തുടർച്ചയായി അതിർത്തി കടത്തിയാണ് റിങ്കു അർധ സെഞ്ച്വറി കുറിച്ചത്. 19ാം ഓവറിൽ ഇന്ത്യൻ സ്‌കോർ 200 കടന്നു. നെവർ മൈൻഡ് ശൈലിയിൽ പന്തിനെ നിർഭയമായി പ്രഹരിച്ച ഹർദികിന്റെ ഇന്നിങ്‌സിൽ ഒരിക്കൽ കൂടി ഗാലറിയിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ചു.

ബോളിങ്ങിലും നിതീഷ് റെഡ്ഡി എന്ന 21 കാരൻ ആരാധകരെ നിരാശപ്പെടുത്തിയില്ല. നാലോവറിൽ വെറും 23 റൺസ് വിട്ട് നൽകി പോക്കറ്റിലാക്കിയത് രണ്ട് വിക്കറ്റുകൾ. ഇതാദ്യമായാണ് ഒരിന്ത്യൻ താരം ടി20 ക്രിക്കറ്റിൽ 70 റൺസിന് മുകളിൽ സ്‌കോർ ചെയ്യുകയും രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്യുന്നത്. ഒടുക്കം ഇന്ത്യ 8 റൺസിന്റെ തകർപ്പൻ ജയം കുറിച്ച് പരമ്പര സ്വന്തമാക്കുമ്പോൾ അയാൾ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ഐ.പി.എൽ സീസണിലെ മിന്നും പ്രകടനമാണ് നിതീഷ് റെഡ്ഡിക്ക് ഇന്ത്യൻ ടീമിലേക്കുള്ള കവാടം തുറന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദ് ജഴ്‌സിയിൽ 142 സ്‌ട്രൈക്ക് റേറ്റിൽ 303 റൺസാണ് നിതീഷ് പോയ വർഷം അടിച്ചെടുത്തത്. പിന്നീട് സിംബാവേക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചെങ്കിലും പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ടി20 യിലാണ് നിതീഷ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. ഗ്വാളിയോറിൽ 17 റൺസായിരിന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ ഡൽഹിയിൽ നിതീഷ് തന്റെ ഉള്ളിലെ ആളുന്ന തീയെത്ര മാത്രം വലുതാണെന്ന് ക്രിക്കറ്റ് ലോകത്തെ കാണിച്ചു.

പ്ലെയർ ഓഫ് ദ മാച്ച് മാച്ച് പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും കോച്ച് ഗംഭീറിനും തന്റെ മിന്നും പ്രകടനത്തിന്റെ ക്രെഡിറ്റ് നിതീഷ് നൽകിയത്. ഐ.പി.എല്ലിൽ കാണിച്ച അതേ അക്രമണോത്സുകത ഇവിടെയും പുറത്തെടുക്കണമെന്നായിരുന്നു അവരുടെ നിർദേശം. അത് മൈതാനത്ത് ഭംഗിയായി നടപ്പിലാക്കാൻ സാധിച്ചെന്ന് താരം പറഞ്ഞു. ഏതായാലും ഇന്ത്യൻ ടീമിലെ പ്രതിഭാ ധാരാളിത്തം ഭാവിയിൽ പലരുടേയും തൊപ്പി തെറിപ്പിക്കുമെന്ന് തന്നെ പറയേണ്ടി വരും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News