'വാക്‌സിനിൽ മനസ്സ് മാറുമെന്ന് കരുതുന്നു'; ജോക്കോവിച്ചിനോട് അഡാർ പൂനാവാല

ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വാക്‌സിനെടുക്കാത്തതിനാൽ ടൂർണമെൻറുകൾ നഷ്ടമാകുമെങ്കിൽ അത് സംഭവിക്കട്ടെയെന്ന് ജോക്കോവിച്ച് പറഞ്ഞിരുന്നു

Update: 2022-02-17 14:10 GMT
Advertising

കോവിഡ് വാക്‌സിൻ സ്വീകരിക്കാതിരിക്കുന്ന സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ മനസ്സ് മാറുമെന്ന് കരുതുന്നതായി വാക്‌സിൻ നിർമാതാവ് അഡാർ പൂനാവാല. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വാക്‌സിനെടുക്കാത്തതിനാൽ ടൂർണമെൻറുകൾ നഷ്ടമാകുമെങ്കിൽ അത് സംഭവിക്കട്ടെയെന്നും താൻ കോവിഡ് വാക്‌സിനെതിരല്ലെന്നും ജോക്കോവിച്ച് പറഞ്ഞിരുന്നു. അതിന് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒയായ പൂനാവാലയുടെ പരാമർശം.

20 വട്ടം ഗ്രാൻഡ്സ്ലാം കിരീടം നേടിയ ജോക്കോവിച്ചിന്റെ വാക്‌സിൻ സംബന്ധിച്ച വീക്ഷണത്തെ മാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കളി കാണുന്നത് ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ ജോക്കോവിച്ചിന്റെ മത്സരവീഡിയോ സഹിതം പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, വാക്‌സിനെടുക്കാതെ ഫ്രഞ്ച് ഓപ്പൺ കളിക്കാനെത്തിയാൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജോക്കോവിചിന് ഫ്രാൻസ് സർക്കാരിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷത്തെ ആദ്യ ഗ്രാൻഡ് സ്ലാം പോരാട്ടമായ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ജോക്കോവിചിനെ വാക്‌സിനെടുക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് വാക്‌സിൻ നയം വ്യക്തമാക്കി ഫ്രാൻസ് രംഗത്തെത്തിയത്. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമായിരിക്കും പൊതു ഇടങ്ങളിൽ പ്രവേശനം. റസ്റ്റോറന്റുകൾ, കഫേകൾ, സിനിമ തിയേറ്ററുകൾ, ദീർഘ ദൂര ട്രെയിനുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ പ്രവേശനം നൽകേണ്ടതുള്ളു എന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പാർലമെന്റ് നിയമം പാസാക്കിയിരുന്നു.

'കാര്യങ്ങൾ വളരെ ലളിതമാണ്. എല്ലായിടങ്ങളിലും വാക്‌സിൻ പാസ് നിർബന്ധമാക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയമം തുടരും. സാധാരണക്കാരനും പ്രൊഫഷണൽ കായിക താരങ്ങൾക്കും എല്ലാം നിയമം ബാധകമാണ്. ഒരാളും ഇളവ് പ്രതീക്ഷിക്കേണ്ടതില്ല'- ഫ്രഞ്ച് കായിക മന്ത്രാലയം ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ജോക്കോവിചിന്റെ പേര് പറഞ്ഞില്ലെങ്കിലും താരത്തിനുള്ള മുന്നറിയിപ്പെന്ന നിലയിൽ തന്നെയാണ് കായിക മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയതിന് പിന്നാലെ വാക്‌സിൻ എടുക്കാത്തതിന്റെ പേരിൽ ജോക്കോയെ വിമാനത്താവളത്തിൽ തടയുകയായിരുന്നു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോക്കോവിച്ചിനെ ഓസ്ട്രേലിയ തടഞ്ഞത്. കോവിഡ് വാക്സിൻ സ്വീകരിക്കാതെ ജോക്കോവിച്ച് എത്തിയാൽ തടയും എന്ന് താരം വരുന്നതിന് മുൻപ് തന്നെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോറിസൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ തന്റെ പക്കൽ മെഡിക്കൽ രേഖകൾ ഉണ്ടെന്നായിരുന്നു ജോക്കോവിച്ചിന്റെ അവകാശവാദം. ഓസ്ട്രേലിയയിൽ എത്തിയ ജോക്കോവിച്ചിനെ തടഞ്ഞെങ്കിലും വിസ റദ്ദാക്കിയ നടപടി കോടതി റദ്ദാക്കി. എന്നാൽ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് രണ്ടാമതും ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുകയായിരുന്നു. പൊതുതാത്പര്യം പരിഗണിച്ചാണ് ഇതെന്നാണ് ഇമിഗ്രേഷൻ മന്ത്രാലയം വ്യക്തമാക്കിയത്.തന്റെ പത്താം ഓസ്ട്രേലിയൻ ഓപ്പണും 21ാം ഗ്രാൻഡ്സ്ലാം നേട്ടവുമാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് ഇവിടെ ലക്ഷ്യം വെച്ചത്. ഓസ്ട്രേലിയൻ ഓപ്പൺ ഡ്രോയിൽ ഒന്നാം നമ്പർ സീഡായി ജോക്കോവിച്ചിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു.

Serbia's world number one Novak Djokovic May change his mind on Covid vaccine, says vaccine maker Adar Poonawala.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News