പാണ്ഡ്യ കൂവി വിളിച്ചവരെ കൊണ്ട് കയ്യടിപ്പിക്കുമ്പോള്‍

ടി20 ലോകകപ്പില്‍ ഇന്ത്യ തുടർവിജയങ്ങളുമായി സെമിക്കരികിൽ നിൽക്കുമ്പോള്‍ അവിടെ വെറുപ്പുകളെയെല്ലാം പൂമാലയാക്കി സ്വീകരിച്ച് പാണ്ഡ്യതലയുയർത്തി നിൽക്കുന്നു

Update: 2024-06-23 14:56 GMT
Advertising

സൗരവ് ഗാംഗുലിയെ പുറത്തിരുത്തിയതിന്റെ പേരിൽ ഈഡൻ ഗാർഡനിൽ രാഹുൽ ദ്രാവിഡിനെ ആരാധകർ കൂവിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് കോഹ്ലിയെ വാംഖഡെയിൽ കൂവിയിട്ടുണ്ട്. പക്ഷേ ഹാർദിക് പാണ്ഡ്യയെപ്പോലെ ഇന്ത്യക്കാരാൽ കൂവലേറ്റ മറ്റൊരുതാരവും ചരിത്രത്തില്ല. ഹാർദികിന് നേരെ സ്റ്റേഡിയങ്ങളിൽ ഉയരുന്ന വെറുപ്പുകണ്ട് വിദേശതാരങ്ങളക്കം അമ്പരന്നു. ഗ്യാലറിയിൽ നുരഞ്ഞുപൊങ്ങിയ ഹേറ്റിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട പാണ്ഡ്യയെയാണ് ഐ.പി.എല്ലിലുടനീളം കണ്ടത്. ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം പരാജയം. പാണ്ഡ്യയുടെ ആറ്റിറ്റ്യൂഡ്, ജീവിത ശൈലി, അഭിമുഖങ്ങൾ, ക്യാപ്റ്റൻസി എന്നിവയെല്ലാം കീറിമുറിക്കപ്പെട്ടു.

എന്തിനാണ് ഇയാളെയും കൊണ്ട് ലോകകപ്പിന് പറക്കുന്നതെന്നായിരുന്നു ചോദ്യങ്ങൾ. എന്നാൽ ഇന്ത്യ തുടർവിജയങ്ങളുമായി സെമിക്കരികിൽ നിൽക്കുേമ്പാൾ അവിടെ വെറുപ്പുകളെയെല്ലാം പൂമാലയാക്കി സ്വീകരിച്ചുകൊണ്ട് പാണ്ഡ്യതലയുയർത്തി നിൽക്കുന്നു.ഓൾറൗണ്ടർ എന്ന ടാഗ് തെൻറ പേരിനൊപ്പം ചാർത്തിവെക്കപ്പെട്ടതല്ല എന്നയാൾ ഇന്ത്യൻ ക്രിക്കറ്റിനോട് ഉറക്കെപ്പറഞ്ഞുകൊണ്ടിരിക്കുന്നു.

ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ നേടിയത് മൂന്നുവിക്കറ്റുകൾ. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ അവിസ്മരണീയമായൊരു ജയം കൊത്തിയെടുക്കുേമ്പാൾ അതിൽ പാണ്ഡ്യയുടെ ടച്ചുണ്ടായിരുന്നു. ഫഖർസമാനയെും ഷദാബ് ഖാനെയും പുറത്താക്കിയ പാണ്ഡ്യയാണ് ആ മത്സരത്തിൽ ഇന്ത്യക്കനുകൂലമായി ഒരു മൊമാൻറം സൃഷ്ടിച്ചെടുത്തത്. അമേരിക്കക്കെതിരെ അയാളെ വീണ്ടും കണ്ടു. നാലോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടുവിക്കറ്റുകളുമെടുത്തു. പാണ്ഡ്യ ബൗളെറിഞ്ഞുതുടങ്ങിയത് ഇന്ത്യൻ ടീമിനെ കൂടുതൽ സന്തുലിതമാക്കുന്നുണ്ടായിരുന്നു. അത് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഇന്ത്യക്ക് കൂടുതൽ ഓപ്ഷനുകൾക്കുള്ള അവസരം തുറന്നിട്ടു.

സൂപ്പർ എട്ടിലേക്ക് മത്സരങ്ങൾ കടന്നപ്പോൾ കാണുന്നത് ബാറ്റുകൊണ്ട് കൂടി ശബ്ദിക്കുന്ന പാണ്ഡ്യയെയാണ്. അഫ്ഗാനെതിരായ മത്സരത്തിൽ 24 പന്തുകളിൽ നിന്നും 32 റൺസുമായി സൂര്യകുമാറിന് ഉജ്ജ്വല പിന്തുണനൽകി. ബംഗ്ദേശുമായുള്ള മത്സരത്തിൽ കണ്ടത് പാണ്ഡ്യയെന്ന ഹാർഡി ഹിറ്റിങ് മികവുള്ള ഫിനിഷറെയാണ്. ചാഞ്ഞും ചെരിഞ്ഞുംപോയിരുന്ന ഇന്ത്യൻ ഇന്നിങ്സിനെ അതിവേഗ അർധ സെഞ്ച്വറിയുമായി അയാൾ സുരക്ഷിതമായ പൊസിഷനിൽ എത്തിച്ചു.

‘‘രാജ്യത്തിനായി കളിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കിയ ഒരു പരിക്കായിരുന്നു എനിക്കുണ്ടായിരുന്നത്. എനിക്ക് തിരിച്ചുവരണമായിരുന്നു. ദൈവം എനിക്കായി നല്ല പ്ലാനുകൾ തന്നെ കരുതിവെച്ചു’’ -

മത്സരത്തിന് ശേഷം പ്ലെയര്‍ ഓഫ് ദി മാച്ച് ഏറ്റുവാങ്ങുേമ്പാൾ വൈകാരിക ഭാഷയിൽ പാണ്ഡ്യ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇന്ത്യ ഇതുവരെനേടിയ എല്ലാ വിജയങ്ങളിലും പാണ്ഡ്യയുടെ കൈയ്യൊപ്പുണ്ട്. പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിട്ടവരെല്ലാം തിരിച്ചുവന്നതാണ് കായികലോകത്തിെൻറ ചരിത്രം. ഇന്ത്യൻ ജേഴ്സിയിൽ തലയുയർത്തി നിൽക്കുന്ന പാണ്ഡ്യ ഒരിക്കൽ കൂടി അത് തെളിയിക്കുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News