റോണോക്ക് റെഡ് കാര്‍ഡ്; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്ത്
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ഹിലാല്‍ റോണോയേയും സംഘത്തേയും തകര്‍ത്തത്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെഡ് കാർഡ് കണ്ട് പുറത്തായ സൗദി സൂപ്പർ കപ്പ് സെമി പോരാട്ടത്തിൽ അൽ നസറിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസറിന്റെ പരാജയം. ഇതോടെ റോണോയുടെയും സംഘത്തിന്റേയും സൂപ്പർ കപ്പിലെ കിരീട പ്രതീക്ഷകൾ അവസാനിച്ചു. അൽഹിലാലിനായി സാലിം അൽ ദൗസരിയും മാൽകമുമാണ് വല കുലുക്കിയത്. സാദിയോ മാനെയുടെ വകയായിരുന്നു അൽ നസറിന്റെ ആശ്വാസ ഗോൾ.
ഇരുടീമുകളും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഒരു തവണ അൽ നസർ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയിൽ കളിമാറി. 61ാം മിനിറ്റിൽ വലകുലുക്കി സൗദിയുടെ ലോകകപ്പ് ഹീറോ സാലിം അൽ ദൗസരി അൽഹിലാലിനെ മുന്നിലെത്തിച്ചു. ആദ്യ ഗോൾ വീണ് പത്ത് മിനിറ്റ് പിന്നിട്ടതും അൽ ഹിലാലിന്റെ രണ്ടാം ഗോളുമെത്തി. ഇക്കുറി മാൽകമിന്റെ ഊഴമായിരുന്നു. മനോഹരമായൊരു ഹെഡ്ഡറിലൂടെയാണ് മാൽകം അൽ നസർ വലതുളച്ചത്. കളിയുടെ 86ാം മിനിറ്റിൽ അൽ ഹിലാൽ താരത്തെ കൈമുട്ട് കൊണ്ടിടിച്ച ക്രിസ്റ്റിയാനോ റെഡ് കാർഡ് കണ്ട് പുറത്തായതോടെ അൽ നസർ പത്ത് പേരായി ചുരുങ്ങി. കളിയവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ അൽ നസറിനായി സാദിയോ മാനെ ആശ്വാസ ഗോൾ കണ്ടെത്തി.
ഏപ്രിൽ 11 ന് സൂപ്പർ കപ്പ് കലാശപ്പോരിൽ അൽ ഹിലാൽ അൽ ഇത്തിഹാദിനെ നേരിടും. അൽ വഹ്ദയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് അൽ ഇത്തിഹാദ് സെമിയിൽ പ്രവേശിച്ചത്.