മൂന്നര മണിക്കൂർ നീണ്ട് ത്രില്ലർ പോരാട്ടം; ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറുമെന്ന സൂചനയുമായി ഫെഡറർ

കാൽമുട്ടിലെ പരിക്ക് കൂടുതൽ അലട്ടുന്നതിനാലാണ് താരം ടൂർണമെന്റ് ഉപേക്ഷിക്കുന്നത്

Update: 2021-06-06 06:47 GMT
Editor : Shaheer | By : Web Desk
Advertising

മൂന്നര മണിക്കൂർ നീണ്ട ത്രില്ലർ പോരാട്ടത്തിനു പിറകെ ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറുമെന്ന സൂചനയുമായി ഇതിഹാസം റോജർ ഫെഡറർ. കാൽമുട്ടിനേറ്റ പരിക്ക് ഇപ്പോഴും അലട്ടുന്നതാണ് സ്വിസ് ടെന്നീസ് ഇതിഹാസത്തെ ഇത്തരത്തിലൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് അറിയുന്നത്.

ഓപണിന്റെ മൂന്നാം റൗണ്ടിൽ ജർമൻ താരം ഡൊമിനിക് കോയ്പ്‌ഫെർക്കെതിരായ പോരാട്ടം മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ടിരുന്നു. നാലു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ പതിവ് ഒഴുക്കോടെയായിരുന്നില്ല താരം കളിച്ചിരുന്നത്. കഴിഞ്ഞ വർഷം രണ്ടു തവണ വലതുകാൽമുട്ടിനു ശസ്ത്രക്രയയ്ക്കു വിധേയനായിരുന്നു ഫെഡറർ. ഇതിനുശേഷം കളിക്കുന്ന ആറാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്; 2020 ജനുവരിക്ക് ശേഷമുള്ള മൂന്നാമത്തെ ടൂർണമെന്റും.

കാൽമുട്ടിന് കൂടുതൽ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ടൂർണമെന്റിൽനിന്ന് പിൻമാറുമെന്നാണ് ഫെഡറർ സൂചിപ്പിച്ചിരിക്കുന്നത്. കളി തുടരുന്ന കാര്യം ആലോചിക്കുകയാണ്. കാൽമുട്ടിന് കൂടുതൽ സമ്മർദം നൽകുന്നത് അപകടം ചെയ്യുമോ, വിശ്രമിക്കേണ്ട സമയമാണോ എന്നെല്ലാം ഉടൻ തീരുമാനിക്കും. ഓരോ മത്സരത്തിനുശേഷവും സ്ഥിതിഗതികൾ വിലയിരുത്തേണ്ടിവരാറുണ്ട്. മുട്ടിന്റെ സ്ഥിതി എന്താണെന്ന് ആലോചിച്ചുകൊണ്ടാണ് പിറ്റേന്ന് എണീക്കാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന മത്സരത്തിൽ 7-6(7-5) 6-7(3-7)7-6(7-4)7-5 എന്ന സ്‌കോറിനാണ് ഡൊമിനിക്കിനെ റോജർ ഫെഡറർ മുട്ടുകുത്തിച്ചത്. തുടർച്ചയായ 12-ാമത്തെ വർഷമാണ് ലോക ഒന്നാം നമ്പർ താരമായ ഫെഡറർ ഫ്രഞ്ച് ഓപണിൽ അവസാന പതിനാറിൽ ഉൾപ്പെടുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News