സച്ചിനാണ് എന്‍റെ ഹീറോ, എനിക്കാരിക്കലും അദ്ദേഹത്തെപ്പോലെയാകാന്‍ കഴിയില്ല: കോഹ്‍ലി
പിറന്നാള്‍ ദിനത്തിലായിരുന്നു കോഹ്‍ലിയുടെ സെഞ്ച്വറി പ്രകടനം
കൊല്‍ക്കൊത്ത: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോഹ്‍ലി. ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സിലെ ഗംഭീര പെര്‍ഫോമന്‍സിലൂടെ ഏകദിനത്തില്‍ 49 ശതകങ്ങള്‍ എന്ന ചരിത്ര നേട്ടത്തില്‍ തൊട്ടു കോഹ്‍ലി. പിറന്നാള്‍ ദിനത്തിലായിരുന്നു കോഹ്‍ലിയുടെ സെഞ്ച്വറി പ്രകടനം.
289 ഏകദിനത്തിലാണ് കോഹ്‌ലി 49ാം സെഞ്ച്വറി കുറിച്ചത്. സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 സെഞ്ച്വറികളിലെത്തിയത്. തന്‍റെ ഹീറോയുടെ റെക്കോഡിനൊപ്പമെത്തുന്നത് തന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ മുഹൂര്‍ത്തമാണെന്നാണ് കോഹ്‍ലി പറഞ്ഞത്. തനിക്ക് ഇതൊരു വൈകാരിക യാത്രയാണെന്നും സച്ചിന്‍റെ ഉപദേശത്തിന് ഒരുപാട് അര്‍ഥമുണ്ടെന്നും കോഹ്ലി പറയുന്നു. ''അദ്ദേഹം ബാറ്റ് ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ബാറ്റിംഗില്‍ അദ്ദേഹത്തിന്‍റെ പെര്‍ഫെക്ഷന്‍ വാക്കുകള്‍ക്ക് അതീതമാണ്. എനിക്കൊരിക്കലും അദ്ദേഹത്തെപ്പോലെ മികച്ചതായിരിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹം എപ്പോഴും എന്‍റെ ഹീറോ ആയിരിക്കും. എനിക്കിത് ഒരു വൈകാരിക യാത്രയാണ്. ഞാൻ എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയാം, ഇവിടെ നിൽക്കുകയും അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം സ്വീകരിക്കുകയും ചെയ്യുന്നതില്‍ ഒരുപാട് അര്‍ഥങ്ങളുണ്ട്'' കോഹ്‍ലി പറഞ്ഞു.
തന്‍റെ റെക്കോഡിനൊപ്പമെത്തിയ കോഹ്‍ലിക്ക് സച്ചിന്‍ ആശംസ നേര്‍ന്നിരുന്നു. തന്റെ റെക്കോഡ് ഭേദിക്കാൻ ഉടൻ തന്നെ സാധിക്കട്ടെയെന്ന് സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. വളരെ നന്നായി കളിച്ചെന്നും അദ്ദേഹം പറഞ്ഞു. ''നന്നായി കളിച്ചു, വിരാട്. 49ൽനിന്ന് 50ൽ(വയസ്) എത്താൻ ഞാൻ 365 ദിവസമെടുത്തു. വരുംദിവസങ്ങളിൽ തന്നെ 49ൽനിന്ന് 50ലെത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ''-സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. നേരത്തെ സച്ചിൻ കോഹ്ലിക്ക് ജന്മദിനാംശംസയും നേർന്നിരുന്നു. ''താങ്കളുടെ അഭിനിവേശവും പ്രകടനങ്ങളും കൊണ്ട് ഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കാനാകട്ടെ. മികച്ചൊരു വർഷവും വളരെ സന്തുഷ്ടമായ ജന്മദിനാശംസയും നേരുന്നു'-ഇങ്ങനെയായിരുന്നു സച്ചിന്‍റെ പോസ്റ്റ്.