പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യർഥിച്ച് സച്ചിൻ; പിറന്നാൾ ദിനത്തിലെ വീഡിയോ ഏറ്റെടുത്ത് ആരാധകർ
'പ്ലാസ്മ ദാനം ചെയ്യുക എന്നതാണ് നിലവിൽ സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന വലിയ സേവനം'
ജന്മദിനത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. തന്റെ 48-ാം ജന്മദിനത്തിൽ കോവിഡ് മുക്തരായവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യർഥിച്ചായിരുന്നു സച്ചിന്റെ ട്വിറ്റർ വീഡിയോ.
പ്ലാസ്മ ദാനം ചെയ്യുക എന്നതാണ് നിലവിൽ സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന വലിയ സേവനം. കോവിഡ് ചികിത്സയിലായിരുന്ന കാലയളവിൽ ആരാധകർ നൽകിയ പിന്തുണ മറക്കാനാവില്ലെന്നും സച്ചിൽ പറഞ്ഞു. കോവിഡ് ബാധിച്ച അനുഭവങ്ങളും അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചു. ജന്മദിനത്തിലെ സച്ചിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന താരം ആറ് ദിവസത്തിന് ശേഷം ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറി. പിന്നീട് നില മെച്ചപ്പെട്ടതോടെയാണ് വീട്ടിലേക്ക് തിരികെയെത്തിയത്. 21 ദിവസമാണ് അദ്ദേഹം ഐസൊലേഷനിൽ കഴിഞ്ഞത്. കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയും ഡോക്‌ടർമാരെയും സച്ചിൻ അഭിനന്ദിച്ചിരുന്നു.