''ഇത് ഇങ്ങനെയൊക്കെ തന്നെ, പക്ഷേ ഞാന്‍ മുന്നോട്ടുപോകും''; നിരാശ പരസ്യമാക്കി സഞ്ജുവിന്‍റെ പുതിയ പോസ്റ്റ്
നേരത്തെ ഫേസ്ബുക്കില്‍ നിർവികാരമായൊരു സ്‌മൈലിയില്‍ പ്രതികരണമൊതുക്കിയ സഞ്ജു ഇത്തവണ പക്ഷേ അതില്‍ നിര്‍ത്തിയില്ല.
ദേശീയ ടീമിൽനിന്നുള്ള നിരന്തര അവഗണനയിൽ വീണ്ടും പരോക്ഷ പ്രതികരണവുമായി സഞ്ജു സാംസൺ. ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനും ഏഷ്യൻ ഗെയിംസിനും പിന്നാലെ ആസ്‌ട്രേലിയ്‌ക്കെതിരായ ടീമിൽനിന്നും പുറത്തായതിനു പിറകെയാണു താരത്തിന്‍റെ പ്രതികരണം. നേരത്തെ ഫേസ്ബുക്കില്‍ നിർവികാരമായൊരു സ്‌മൈലിയില്‍ പ്രതികരണമൊതുക്കിയ സഞ്ജു ഇത്തവണ പക്ഷേ അതില്‍ നിര്‍ത്തിയില്ല. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒരു പോസ്റ്റ് തന്നെ താരം പങ്കുവെച്ചു. ഇന്ത്യന്‍ ജഴ്സിയില്‍ ബാറ്റ് ചെയ്യുന്ന ചിത്രമാണ് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒപ്പം തന്‍റെ അവസ്ഥയെ വിശദീകരിക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പും. ''ഇത് ഇങ്ങനെയൊക്കെ തന്നെയാണ്!! എങ്കിലും ഞാന്‍ മുന്നോട്ടുപോകും''. ഇങ്ങനെയാണ് നിരാശ പരസ്യമാക്കി സഞ്ജു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
താരത്തിന്‍റെ പോസ്റ്റിനു താഴെ ആരാധകരുടെ കമന്‍റുകളുടെ പ്രവാഹമാണ്. വേദനയും നിരാശയും നിസ്സഹായതയും രോഷവുമെല്ലാം ഉള്ളടങ്ങിയിട്ടുള്ള വികാരപ്രകടനമായാണ് ആരാധകർ ഇതിനെ കാണുന്നത്. ആയിരക്കണക്കിന് ആരാധകർ താരത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ധൈര്യമായിരിക്കാൻ ആവശ്യപ്പെടുകയും ടീമിന്റെ ക്യാപ്റ്റനായി തന്നെ ഭാവിയിൽ വരുമെന്ന് പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് അവർ. നേരത്തേ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിന് ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രമുഖരും സഞ്ജുവിന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
അതേസമയം സഞ്ജുവിനോടുള്ള അവഗണനയിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്. താനാണ് സഞ്ജുവിന്റെ സ്ഥാനത്തെങ്കിൽ കടുത്ത നിരാശവാനായിരിക്കുമെന്നായിരുന്നു പത്താന്റെ പ്രതികരണം. 'എക്‌സി'ലൂടെയാണ് ടീം സെലക്ഷനെതിരെ പത്താന്റെ പരോക്ഷ വിമർശനം.
ഏകദിനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും സഞ്ജുവിനെ നിരന്തരം തഴയുന്നതിന്റെ യുക്തി എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. മറുവശത്ത്, നിരവധി തവണ അവസരം ലഭിച്ചിട്ടും സൂര്യകുമാർ യാദവ് എല്ലാ ടീമുകളിലും ഇടംകണ്ടെത്തുന്നു. ഒറ്റ ഏകദിനം മാത്രം കളിച്ച തിലക് വർമയെയും നിരവധി തവണ അവസരം ലഭിച്ചിട്ടും മികവ് തെളിയിക്കാനാകാത്ത ഋതുരാജ് ഗെയ്ക്ക്‌വാദിനെയും വീണ്ടും ടീമിലെടുക്കുകയും ചെയ്യുന്നു.