അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ് ഷാകിബും തൗഹീദും; ഇന്ത്യക്ക് 266 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയർത്തിയത്. ഇന്ത്യക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തിൽ 54 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ ഷാകിബ് അൽ ഹസനും തൗഹീദ് ഹ്രിദോയിയും 44 റൺസെടുത്ത നസൂം അഹ്മദും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ തുടക്കം. രണ്ടാം ഓവറിൽ ലിറ്റൺ ദാസിനെ കൂടാരം കയറ്റി മുഹമ്മദ് ഷമിയാണ് ബംഗ്ലാശേദിന് ആദ്യ പ്രഹരമേൽപ്പിച്ചത്. നാലാം ഓവറിൽ തൻസിദ് ഹസനെ പുറത്താക്കി ഷർദുൽ താക്കൂറും വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. അഞ്ചാം ഓവറിൽ അനാമുൽ ഹക്കും കൂടാരം കയറിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ഷാകിബുൽ ഹസൻ രക്ഷാപ്രവർത്തന ചുമതല ഏറ്റെടുത്തു. മെഹ്ദി ഹസൻ പുറത്തായ ശേഷം തൗഹീദ് ഹ്രിദോയിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഷാകിബ് സ്‌കോർ 150 കടത്തിയ ശേഷമാണ് കൂടാരം കയറിയത്. പിന്നീട് ക്രീസിലെത്തിയ നസൂം അഹ്മെദ് വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്‌കോർ 200 കടത്തി. വാലറ്റത്ത് പുറത്താവാതെ നിന്ന മെഹ്ദി ഹസനും തൻസീം ഹസനും ചേർന്ന് സ്‌കോർബോർ 250 ലുമെത്തിച്ചു.
നേരത്തേ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ പല താരങ്ങള്‍ക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇന്ന് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.