ഭയാനകം, കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു: ശിഖര്‍ ധവാന്‍
കെ.എല്‍ രാഹുലിന് പിന്നാലെ ശിഖര്‍ ധവാനാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്ന ആരോപണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. കെ.എല്‍ രാഹുലിന് പിന്നാലെ ശിഖര്‍ ധവാനാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
'ഭയാനകമായ സാഹചര്യമാണിത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങള്‍ പുനപ്പരിശോധിക്കാനും ക്രൂരമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർഥിക്കുന്നു'- എന്നാണ് ശിഖര്‍ ധവാന്‍റെ ട്വീറ്റ്.
നേരത്തെ പ്രതികരണവുമായി കെ.എൽ രാഹുൽ ഇന്‍സ്റ്റഗ്രാമില്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന തരത്തിലുള്ള ക്യാംപെയിനു പിന്തുണയുമായാണ് താരം എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.
തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സി'ന്‍റെ (വി.ഒ.എസ്.ഡി) പോസ്റ്ററാണ് രാഹുല്‍ പങ്കുവെച്ചത്. തെരുവുനായ്ക്കളും ഉപേക്ഷിക്കപ്പെട്ട വളർത്തുനായ്ക്കളും കേരളത്തില്‍ അപകടത്തിലാണെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. 'ദയവായി അവസാനിപ്പിക്കൂ' എന്ന അപേക്ഷയോടെയാണ് രാഹുൽ പോസ്റ്റർ പങ്കുവെച്ചത്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. നിരവധി തെരുവുനായകളെ രക്ഷപ്പെടുത്തി അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു.