ഇന്ത്യയെ സ്തബ്ധരാക്കി സ്റ്റബ്സ്; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് ജയം

അഞ്ച് വിക്കറ്റ് വീഴ്ത്തി വരുൺ ചക്രവർത്തി

Update: 2024-11-10 18:00 GMT
Advertising

ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ആതിഥേയർ മറികടന്നു.

15.4 ഓവർ പിന്നിടുമ്പോൾ 86-7 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക തോൽവിയുടെ വക്കിലായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ബൗളിങ്ങാണ് പ്രോട്ടീസിന്റെ നട്ടെല്ലൊടിച്ചത്. എന്നാൽ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ട്രിസ്റ്റൻ സ്റ്റബ്സിന്റെയും (47 റൺസ്) ജെറാൾഡ് കോട്സിയുടെയും (19 റൺസ്) ബാറ്റിങ് മികവിൽ ഇന്ത്യയുടെ കൈയിൽനിന്ന് ജയം തട്ടിപ്പറിച്ചു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഐഡൻ മാർക്രം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 39 റൺസെടുത്ത ഹർദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

തകർച്ചയോടെയാണ് ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചത്. ആദ്യ കളിയിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിൽ മാർക്കോ ജാൻസന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. ഓപണർ അഭിഷേക് ശർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാല് റ​​ൺസെടുത്ത് അതിവേഗം പുറത്തായി.

തിലക് വർമ (20), അക്സർ പട്ടേൽ (27), റിങ്കു സിങ് (9) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഏഴ് റൺസെടുത്ത അർഷദീപ് സിങ് പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി മാർക്കോ ജാൻസൻ, ജെറാൾഡ് കോട്സീ, ആൻഡിലെ സിമെലൻ, ഐഡൻ മക്രാം, എൻകബംയാസ് പീറ്റർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News