ടി20 റാങ്കിങ്ങില്‍ 'സൂര്യാധിപത്യം' തുടരുന്നു; കുതിച്ചുയര്‍ന്ന് ഗില്‍
ആദ്യ പത്തില്‍ ഇടംപിടിക്കാതെ കോഹ്‍ലി
ഐ.സി.സി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്. 906 പോയിന്റുമായി മറ്റ് ബാറ്റർമാരെക്കാൾ ബഹുദൂരം മുന്നിലാണ് സൂര്യ. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദ് രിസ്‌വാനും സൂര്യയും തമ്മിൽ 70 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. രിസ്‌വാന് 836 പോയിന്‍റുണ്ട്.
ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ബാറ്റർമാരിൽ വലിയ മുന്നേറ്റമുണ്ടാക്കിയ മറ്റൊരു താരം. 168 പേരെ മറികടന്ന് ഗിൽ 30ാം റാങ്കിലെത്തി. ന്യൂസിലാന്റിനെതിരെ അവസാന ടി20 യിൽ നേടിയ സെഞ്ച്വറിയാണ് ഗില്ലിന് തുണയായത്. ഏകദിന റാങ്കിങ്ങിൽ ആറാമതാണ് ഗിൽ. വിരാട് കോഹ്ലി പതിനഞ്ചാം സ്ഥാനത്താണ്.
ബോളിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ ബോളർ പോലും ഇടം നേടിയില്ല. 13ാം സ്ഥാനത്തുള്ള അർഷദീപ് സിങ്ങാണ് ഇന്ത്യൻ ബോളർമാരിൽ മുന്നിൽ. റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരിൽ ഹർദിക് പാണ്ഡ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറി. ഷാകിബുൽ ഹസനാണ് ഓൾ റൗണ്ടർമാരിൽ ഒന്നാമൻ.