''ആരാധകർ ഗോളടിക്കില്ലല്ലോ, തോറ്റത് ഗ്രൗണ്ടിൽ''- ബംഗളൂരു പരിശീലകൻ
കൊച്ചിയിലെ ആരാധകരുടെ ആവേശം സമ്മർദത്തിലാക്കിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗ്രേസൺ
കൊച്ചി: ഇന്നലെ കൊച്ചിയിൽ തങ്ങൾ തോറ്റത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോടല്ലെന്ന് ബംഗളൂരു പരിശീലകൻ സിമോൺ ഗ്രേസൺ. മൈതാനത്തെ മോശം പ്രകടനമാണ് തങ്ങളെ തോൽപ്പിച്ചത് എന്നും കൊച്ചിയിലെ ആരാധക പ്രവാഹം തങ്ങളെ തെല്ലും കുലുക്കിയിട്ടില്ലെന്നും ഗ്രേസൺ പറഞ്ഞു. കൊച്ചിയിലെ ആരാധകരുടെ ആവേശം സമ്മർദത്തിലാക്കിയോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗ്രേസൺ.
''ആരാധകർ ഗോളടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. മൈതാനത്ത് അവർക്ക് ഒന്നും ചെയ്യാനാവില്ല. പിച്ചിൽ മോശം പ്രകടനം കാഴ്ചവച്ചത് കൊണ്ടാണ് ഞങ്ങൾ തോറ്റത്. പ്രതിരോധത്തിൽ വലിയ രണ്ട് പിഴവുകളാണ് ഞങ്ങള്‍ വരുത്തിയത്''- സിമോണ്‍ പറഞ്ഞു.
കഴിഞ്ഞ സീസണിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വഴി മുടക്കിയവരാണ് ബംഗളൂരു. അതുകൊണ്ടു തന്നെ ഇന്നലത്തെ വിജയം ബ്ലാസ്റ്റേഴ്സിന് ഒരു മധുരപ്രതികാരം കൂടിയായിരുന്നു. അന്ന് ക്ഷുഭിതനായി ടീമിനെ കളത്തിൽനിന്ന് കയറ്റിക്കൊണ്ടുപോയതിന്റെ ശിക്ഷയിലാണ് കേരളത്തിന്റെ ആശാൻ ഇവാൻ വുകുമനോവിച്ച്. ആദ്യ നാലു മത്സരങ്ങളിൽ കളത്തിനു പുറത്തുനിന്ന് തന്ത്രം മെനയാനേ കോച്ചിനാകൂ. കോച്ചിന്‍റെ അസാന്നിധ്യത്തിലും നേടിയ തകര്‍പ്പന്‍ ജയം വരും മത്സരങ്ങളില്‍ ടീമിന് ഊര്‍ജമാകും.
ഇന്നലത്തെ മത്സരത്തിനു മുമ്പ് ഇവാനെ പുറത്തിരുത്തിയത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ബംഗളൂരു ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായി ഗ്യാലറിയില്‍ ആരാധകര്‍ ഓരോരുത്തരും സ്വയം ഇവാന്‍ വുകുമനോവിച്ച് ആയി മാറി. ഇവാന്‍റെ മാസ്‌കണിഞ്ഞ് കൂട്ടമായി ഗ്യാലറിയിലെത്തിയാണ് ആരാധകര്‍ ബെംഗളൂരുവിന് മറുപടി പറഞ്ഞത്.
മത്സരം ആരംഭിക്കും മുമ്പ് ബിഗ് സ്‌ക്രീനില്‍ ഇവാന്റെ ചിത്രം തെളിഞ്ഞപ്പോള്‍ വലിയ ആര്‍പ്പുവിളികളോടെയും നിറഞ്ഞ കൈയ്യടികളോടെയുമാണ് ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട കോച്ചിനെ സ്വീകരിച്ചത്. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇവാന്‍റെ മൂന്നാം സീസണാണിത്. ആദ്യ സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിച്ച ഇവാന്‍ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലും എത്തിച്ചിരുന്നു. .