'ധോണിയെ പേടിച്ചല്ലേ ആ അപ്പീല്‍ പിന്‍വലിച്ചത്'; കമ്മിന്‍സിനോട് കൈഫ്
2023 ആഷസിൽ ഇംഗ്ലീഷ് ബാറ്റർ ജോണി ബെയർസ്‌റ്റോക്കെതിരെ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ അപ്പീൽ പിൻവലിക്കാതിരുന്ന കമ്മിൻസിനെയാണോ ഇപ്പോള്‍ വലിയ സ്‌പോർട്‌സ്മാൻ സ്പിരിന്റെ പേരിൽ ആഘോഷിക്കുന്നത് എന്ന് ആരാധകർ
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ 19ാം ഓവർ. ക്രീസിൽ രവീന്ദ്ര ജഡേജ. ഹൈദരാബാദിനായി ഓവർ എറിയാനെത്തിയത് ഭുവനേശ്വർ കുമാർ. ഭുവനേശ്വർ എറിഞ്ഞൊരു യോർക്കർ തട്ടിയിട്ട ജഡേജ റണ്ണിനായി ഓടാനൊരുങ്ങുന്നു. എന്നാൽ പന്ത് നേരെ ചെന്നെത്തിയത് ഭുവനേശ്വറിന്റെ തന്നെ കയ്യിലേക്ക്. ബാറ്റർ ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ ഭുവി സ്റ്റംബ് ലക്ഷ്യമാക്കി പന്തെറിഞ്ഞു. എന്നാൽ പന്ത് നേരെ ചെന്ന് കൊണ്ടത് ജഡേജയുടെ പുറത്ത്.
ഫീൽഡ് തടസപ്പെടുത്തിയതിന് സൺറൈസ്‌ഴ്‌സ് വിക്കറ്റ് കീപ്പർ ഹെൻഡ്രിച്ച് ക്ലാസൻ ഉടൻ അമ്പയോട് അപ്പീൽ ചെയ്തു. തേർഡ് അമ്പയർ ഇത് പരിശോധിക്കാനൊരുങ്ങുകയായിരുന്നു. പെട്ടെന്നാണ് ആരാധകരെയും കളിക്കാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അമ്പയറുടെ അടുക്കലേക്ക് ഓടിയെത്തിയത്. അപ്പീൽ പിൻവലിക്കുകയാണെന്ന് താരം അമ്പയറെ അറിയിച്ചു. ഇതോടെ ജഡേജയുടെ വിക്കറ്റ് നേടാനുള്ള അവസരമാണ് ഹൈദരാബാദ് നായകൻ വേണ്ടെന്ന് വച്ചത്. കമ്മിൻസിന്റെ സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് കയ്യടിച്ച് ആരാധകരും ക്രിക്കറ്റ് വിശാരദരുമടക്കം നിരവധി പേർ രംഗത്തെത്തി. ക്യാപ്റ്റൻ കമ്മിൻസ് ക്രിക്കറ്റ് ലോകത്തെ പല നായകർക്കും മാതൃകയാണെന്ന് ചിലർ കുറിച്ചു.
എന്നാൽ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത് സ്‌പോർട്‌സ് മാൻ സ്പിരിറ്റ് എന്ന് ആരാധക ലോകം പേരിട്ട് വിളിക്കുന്ന കമ്മിൻസിന്റെ നടപടിയെ അധികം ആഘോഷിക്കേണ്ടതില്ലെന്നാണ്. ജഡേജ പുറത്തായാൽ മഹേന്ദ്ര സിങ് ധോണി ഇറങ്ങുമെന്ന് ഭയന്നാണ് കമ്മിൻസ് അപ്പീൽ പിൻവലിച്ചതെന്നാണ് കൈഫിന്റെ പക്ഷം. കൈഫ് എക്‌സിൽ കുറിച്ചത് ഇങ്ങനെ.
'പാറ്റ് കമ്മിൻസിനോട് രണ്ട് ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്. ആ അപ്പീൽ പിൻവലിച്ചത് റൺ കണ്ടെത്താൻ ഏറെ പ്രയാസപ്പെടുന്ന ജഡേജയെ ക്രീസിൽ തന്നെ നിർത്താൻ വേണ്ടിയല്ലേ. ധോണി ഇറങ്ങരുതെന്ന് നിങ്ങൾ ആഗ്രഹിച്ചിരുന്നു. ലോകകപ്പിൽ ജഡേജയുടെ സ്ഥാനത്ത് വിരാട് കോഹ്ലിയായിരുന്നെങ്കിൽ നിങ്ങൾ അപ്പീൽ പിൻവലിക്കുമായിരുന്നോ'
കൈഫിന്റെ ചോദ്യങ്ങളെ ആരാധകർ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. മുൻ ഇന്ത്യൻ താരത്തിന്റെ ചോദ്യങ്ങൾ പ്രസക്തമാണെന്ന് പറയാൻ ആരാധകർ ചൂണ്ടിക്കാണിക്കുന്നത് ജഡേജയുടെ മത്സരത്തിലെ പ്രകടനമാണ്. 23 പന്ത് നേരിട്ട ജഡേജ 31 റൺസാണ് ആകെ അടിച്ചെടുത്തത്. 134 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്. ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ട താരം ആകെ നേടിയത് നാല് ഫോറുകള്‍. തകർത്തടിക്കേണ്ട സമയത്തും റൺസ് കണ്ടെത്താൻ ജഡേജ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. ജഡേജയെ ക്രീസിൽ നിർത്തിയാൽ റണ്ണൊഴുക്ക് തടയാമെന്ന തന്ത്രമാണ് കമ്മിൻസ് പയറ്റിയതെന്നാണ് ചൈന്നൈ ആരാധകരുടെ പക്ഷം.
2023 ആഷസിൽ ഇംഗ്ലീഷ് ബാറ്റർ ജോണി ബെയർസ്‌റ്റോക്കെതിരെ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ അപ്പീൽ പിൻവലിക്കാതിരുന്ന കമ്മിൻസിനെയാണോ ഇപ്പോള്‍ വലിയ സ്‌പോർട്‌സ്മാൻ സ്പിരിന്റെ പേരിൽ ആഘോഷിക്കുന്നത് എന്നും ആരാധകർ ചോദിക്കുന്നു. ആഷസ് രണ്ടാം ടെസ്റ്റിലായിരുന്നു ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്ത ബെയര്‍സ്റ്റോയുടെ വിക്കറ്റ് വിവാദം. കാമറൂൺ ഗ്രീൻ എറിഞ്ഞ ഓവറിലെ ഒരു പന്ത് നേരിടാതെ ഒഴിഞ്ഞു മാറിയ ബെയര്‍സ്റ്റോ പന്ത് ഡെഡ് ബോൾ ആയെന്ന് കരുതി നോൺ സ്‌ട്രൈക്കേഴ്‌സ എന്റിലുണ്ടായിരുന്ന ബെൻസ്റ്റോക്‌സിനിടടുത്തേക്ക് നടന്നു. എന്നാൽ പന്ത് പിടിച്ചെടുത്ത ഓസീസ് വിക്കറ്റ് കീപ്പർ അലക്‌സ് കാരി ബെയർ സ്റ്റോ ക്രീസ് വിട്ടതും സ്റ്റംബിളക്കി അപ്പീൽ ചെയ്തു. എന്താണിവിടെ സംഭവിക്കുന്നതെന്ന് ബെയര്‍സ്റ്റോക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഫീൽഡ് അമ്പയർമാർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഔട്ട് വിധിച്ചു.
മത്സരശേഷം ബെൻസ്റ്റോക്‌സ് അടക്കം ഇംഗ്ലീഷ് താരങ്ങള്‍ പലരും കമ്മിൻസിനെതിരെ അന്ന് രൂക്ഷവിമർശനമുയർത്തി രംഗത്തെത്തി. എന്നാൽ താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നും ഇനിയും അതാവർത്തിക്കുമെന്നുമാണ് കമ്മിൻസ് പ്രതികരിച്ചത്. ക്രിക്കറ്റ് നിയമങ്ങളെ കുറിച്ച് അന്ന് വലിയ വായില്‍ സംസാരിച്ച് തന്‍റെ നടപടിയെ ന്യായീകരിച്ച കമ്മിന്‍സ് ജഡേജക്കെതിരായ അപ്പീല്‍ പിന്‍വലിച്ച് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ ്കാണിക്കുന്നത് അത്ര നിഷ്കളങ്കമാണെന്ന് കരുതരുതെന്ന് പറയുന്നു ആരാധകര്‍. ഭുവനേശ്വറിന്‍റ അവസാന ഓവറിലെ മൂന്നാം പന്തില്‍ ഡാരില്‍ മിച്ചല്‍ പുറത്തായ ശേഷമാണ് മഹേന്ദ്രസിങ് ധോണി ക്രീസിലെത്തുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തടിച്ച താരത്തിന് ഇന്നലെ ആകെ രണ്ട് പന്താണ് നേരിടാനായത്.
എല്ലായിടത്തേയും പോലെ വലിയ ആരവമാണ് മഹേന്ദ്ര സിങ് ധോണി ക്രീസിലെത്തിയപ്പോള്‍ ഹൈദരാബാദിലും ഉയര്‍ന്നത്. ഒരു നിമിഷം രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ചെന്നൈയുടെ ഹോം ഗ്രൌണ്ടായി മാറി. ധോണി ക്രീസിലെത്തിയപ്പോള്‍ ഗാലറി ഇളകി മറിയുകയായിരുന്നുവെന്നും ഇത്രയും വലിയ ഒരു ആരവം താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും പാറ്റ് കമ്മിന്‍സ് മത്സര ശേഷം പ്രതികരിച്ചു.