'8 കോടിയുടെ കാറെവിടെ നിന്ന് കിട്ടി'; ബാബറിനെതിരെ വാതുവെപ്പാരോപണം
പാകിസ്താനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മുബഷിർ ലുഖ്മാനാണ് ബാബറിനെതിരെ ഗുരുതരാരോപോണവുമായി രംഗത്തെത്തിയത്
ടി 20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ നാണംകെട്ട് പുറത്തായതിന് പിറകേ പാക് നായകൻ ബാബർ അസമിനെതിരെ ഒത്തുകളി ആരോപണം. പാകിസ്താനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മുബഷിർ ലുഖ്മാനാണ് ബാബറിനെതിരെ ഗുരുതരാരോപോണവുമായി രംഗത്തെത്തിയത്. ബാബറിന്റെ കൈവശമുള്ള ഔഡി ഇ ട്രൺ ജി.ടി കാർ വാതുവെപ്പിന്റെ ഫലമായി കിട്ടിയതാണോ എന്ന് സംശയിക്കുന്നതായും ഇതിൽ ഉടൻ അന്വേഷണം നടത്തണമെന്നുമാണ് മുബഷിർ ലുഖ്മാന്റെ ആവശ്യം.
തന്റെ സഹോദരൻ സമ്മാനമായി നൽകിയ കാറാണിത് എന്നാണ് ബാബർ പറയുന്നത്. എന്നാൽ എട്ട് കോടിയോളം വിലയുള്ള കാർ സമ്മാനമായി നൽകാനുള്ള സാമ്പത്തിക സ്ഥിതി ബാബറിന്റെ സഹോദരനില്ലെന്നും വാതുവെപ്പുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നും ലുഖ്മാൻ പറഞ്ഞു.
'ബാബറിന് അടുത്തിടേ ഔഡി ഇ ട്രോൺ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട്. തന്റെ സഹോദരൻ സമ്മാനിച്ചതാണിത് എന്നാണ് അദ്ദേഹം പറയുന്നത്. ഏഴ് മുതൽ എട്ട് കോടി വരെ വിലയുള്ള കാർ സമ്മാനിക്കാൻ മാത്രം ഇദ്ദേഹത്തിന്റെ സഹോദരൻ എന്താണ് ചെയ്യുന്നത്. ഞാൻ അന്വേഷിച്ചപ്പോൾ അത്രയും വലിയ സാമ്പത്തിക സ്ഥിതി ബാബറിന്റെ സഹോദരന് ഇല്ലെന്നാണ് മനസിലായത്. ചെറിയ ടീമുകളോട് തോറ്റാൽ പോലും കാറോ ഭൂമിയോ ഒന്നും ലഭിക്കില്ല എന്നാണ് എനിക്ക് ലഭിച്ച വിവരം. ഗുരുതരമായ ആരോപണമാണിത് എന്ന് തനിക്ക് വിവരങ്ങൾ തന്നയാളോട് പറഞ്ഞിട്ടുണ്ട്.. മുബഷിർ ലുഖ്മാൻ വ്യക്തമാക്കി. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുബഷിർ പാക് നായകനെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്.