ലോകകപ്പ് ഹോക്കിക്ക് തുടക്കം; ഇന്ത്യ ഇന്ന് സ്‌പെയിനിനെതിരെ
നാല് പതിറ്റാണ്ടിലേറെ കാലമായുള്ള കിരീട ദാരിദ്ര്യത്തിന് അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇക്കുറി കളത്തിലിറങ്ങുന്നത്
റൂര്‍ക്കല: ഹോക്കി ലോകകപ്പിന് റൂർക്കലയിൽ തുടക്കം. ബിർസ മുണ്ട സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ സ്‌പെയിനിനെ നേരിടും. ഇന്ത്യൻ സമയം ഏഴു മണിക്കാണ് മത്സരം. ഹർമൻ പ്രീത് നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം പി.ആർ ശ്രീജേഷുമുണ്ട്. ശ്രീജേഷിന്‍റെ നാലാം ലോകകപ്പാണിത്.
നാല് പതിറ്റാണ്ടിലേറെ കാലമായുള്ള കിരീട ദാരിദ്ര്യത്തിന് അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇക്കുറി കളത്തിലിറങ്ങുന്നത്. 1975 ൽ കിരീടം നേടിയതിന് ശേഷം ഒരിക്കൽ പോലും ഇന്ത്യക്ക് ലോകകപ്പ് ഹോക്കി കിരീടം നേടാനായിട്ടില്ല.
സ്‌പെയിനുമായി ഇത് വരെ 30 തവണയാണ് ഇന്ത്യ ഏറ്റുമുട്ടിയത്. അതിൽ 13 എണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ 11 എണ്ണത്തിൽ സ്‌പെയിൻ ജയം നേടി. ആറ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ വർണാഭമായ ചടങ്ങുകളോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്.