'ഇതിന്‍റെ പേരിൽ നിങ്ങൾ ഖേദിക്കും'; സഞ്ജുവിനോട് മുൻ ഇന്ത്യൻ താരം
'നിതീഷ് റെഡ്ഡിയെ പോലുള്ള പുതുമുഖ താരങ്ങൾ വരെ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ സഞ്ജുവിന്റെ ടീമിലെ സ്ഥാനം സുരക്ഷിതമല്ല'
ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ടി20 യിൽ അവസരം ലഭിച്ചിട്ടും പ്രതീക്ഷക്കൊത്ത് ഉയരാനാവാതിരുന്ന മലയാളി താരം സഞ്ജു സാംസണ് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിതീഷ് റെഡ്ഡിയെ പോലുള്ള പുതുമുഖ താരങ്ങൾ വരെ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ സഞ്ജുവിന്റെ ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് ചോപ്ര പറഞ്ഞു.
സഞ്ജുവിനും അഭിഷേക് ശർമക്ക് ബംഗ്ലാദേശിനെതിരെ രണ്ട് സുവർണാവസരങ്ങളാണ് ലഭിച്ചത്. എന്നാൽ ഇരുവർക്കും ഗ്രൗണ്ടിൽ കാര്യമായൊന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കൻ പര്യടനം വരുമ്പോൾ ജയ്‌സ്വാൾ, ഗിൽ, ഗെയ്ക്വാദ് എന്നിവരെ കൂടി സെലക്ടർമാർ പരിഗണിക്കും. അങ്ങനെ വന്നാൽ സഞ്ജുവിനെയും അഭിഷേകിനേയും പരിഗണിക്കുന്ന കാര്യം സംശയമാണ്.
അതിനാൽ തന്നെ കിട്ടിയ അവസരങ്ങൾ മുതലാക്കാതെ പോയതിനെ കുറിച്ച് ഇരുവരും ഖേദിക്കേണ്ടി വരും. എന്നാൽ ഒരു മത്സരം കൂടി ബാക്കിയുണ്ട്. അതിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ പ്രതീക്ഷ കൈവിടേണ്ടി വരില്ല. ഇരുവരും ഓപ്പണർമാരായതിനാൽ തന്നെ 20 ഓവർ മുന്നിലുണ്ട്. സൂക്ഷിച്ച് കളിച്ച് തുടങ്ങാനായാൽ ടീമിൽ സ്ഥിരം സാന്നിധ്യമാവാം'- ചോപ്ര പറഞ്ഞു. ആദ്യ മത്സരത്തില്‍ 19 റണ്‍സെടുത്ത സഞ്ജു രണ്ടാം ടി 20 യില്‍ പത്ത് റണ്‍സിന് പുറത്തായിരുന്നു.