'മുസ്ലിം ഓൺലി' കേരള ക്രിക്കറ്റ് ടീം; സംഘ്പരിവാർ പ്രചരണത്തിന്റെ സത്യാവസ്ഥ ഇതാണ്

ആണ്‍കുട്ടികളുടെ ടീമിനെ കൊണ്ടോട്ടി എസ്കോള ഇന്റർനാഷണൽ സ്കൂളിലെ എൻ. മുഹമ്മദ് യാസീനും പെണ്‍കുട്ടികളുടെ ടീമിനെ പാലക്കാട് അയലൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ സി.ജി അമൃതയും നയിക്കും

Update: 2021-02-25 10:37 GMT
Advertising

ചെന്നൈയിൽ നടക്കുന്ന ദക്ഷിണമേഖല ദേശീയ ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിക്കുന്ന ടീമിലെ കളിക്കാരുടെ മതമാണ് ഇപ്പോൾ സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ സജീവ ചർച്ചാവിഷയം. ടീം ക്യാപ്ടനും കളിക്കാർക്കും മാനേജർക്കും കോച്ചിനുമെല്ലാം 'അറബി' പേരായതിനാൽ, ന്യൂനപക്ഷവിരുദ്ധ വർഗീയ പ്രചരണങ്ങളാണ് കൊഴുക്കുന്നത്. പ്രമുഖ സംഘ് അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകളും ഗ്രൂപ്പുകളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളുമെല്ലാം 'കേരള ക്രിക്കറ്റിലെ മുസ്ലിം ആധിപത്യം' ചർച്ച ചെയ്യുന്ന തിരക്കിലാണ്.

കേരള ടീമിൽ മുസ്ലിംകളെ മാത്രം തെരഞ്ഞുപിടിച്ച് ഉൾപ്പെടുത്തി എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പ്രചരണം കൊഴുക്കുന്നത്. കളിക്കാരുടെ പേരുകൾ അടിവരയിട്ട് ജനം ടി.വി മുൻ കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഫേസ്ബുക്കിൽ കുറിച്ചത് 'നവ കേരളത്തിന്റെ സുന്ദര 'മതേതര' ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ' എന്നാണ്.

മറ്റൊരു സംഘ് ഹാൻഡിലായ അംബിക ജെ.കെ 'ക്രിക്കറ്റ് കളിച്ചു കഴിഞ്ഞാൽ ടീമിന്റെ വക ഫ്രീ ദഫ് മുട്ട് കൂടി ഉണ്ടായിരിക്കുന്നതാണ്!' എന്ന തലവാചകത്തോടെ ഈ വാർത്ത ഷെയർ ചെയ്തു.

ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറും ഇത് വാർത്തയാക്കി. 'മുസ്ലിംകൾ മാത്രമുള്ള ക്രിക്കറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യൻഷിപ്പിനെത്തുന്നത് കേരളത്തിൽ പ്രതിഷേധത്തിന് കാരണമാകുന്നു' എന്നാണ് തലക്കെട്ട്. മുസ്ലിം വിരുദ്ധ വംശീയ വാചകങ്ങളോടെ ഫേസ്ബുക്കിലെ സംഘ് പരിവാർ അനുകൂല ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഈ വാർത്ത പ്രചരിക്കുന്നുണ്ട്.

'തെരഞ്ഞെടുത്തത്' മുസ്ലിംകളെ മാത്രമോ?

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ അംഗീകാരവും ഇന്റർനാഷണൽ ആന്റ് ഏഷ്യൻ ടെന്നിസ് ബോൾ ക്രിക്കറ്റിൽ അംഗത്വവമുള്ള ടെന്നിസ് ബോൾ ക്രിക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിനുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നത് സെലക്ഷൻ ട്രയൽസിലൂടെയാണെന്ന് സംഘാടകർ പറയുന്നു.

ഈ മാസം 27, 28 തിയ്യതികളിൽ ചെന്നൈയിൽ നടക്കുന്ന ദക്ഷിണ മേഖല ജൂനിയർ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള കേരള വേണ്ടിയുള്ള സെലക്ഷൻ ട്രയൽസ്, കോവിഡ് സാഹചര്യം കാരണം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞിരുന്നില്ല. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ മാത്രമാണ് ആൺകുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്. ഇവരിൽ നിന്ന് ടൂർണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.

മുഹമ്മദ് യാസീൻ, സി.ജി അമൃത

എസ്‌കോള സ്‌കൂളിലെ വിദ്യാർത്ഥി എൻ. മുഹമ്മദ് യാസീൻ ആണ് ആൺകുട്ടികളുടെ ടീമിനെ നയിക്കുന്നത്. എം.കെ മുനീർ കോച്ചും മജീദ് ബാവ മാനേജറുമായ ടീമിലെ മറ്റ് അംഗങ്ങൾ എ.കെ മുഹമ്മദ് സജാദ് (വൈസ് ക്യാപ്റ്റൻ), അഹമ്മദ് ഫിനാഷ്, കെ.പി അദ്‌നാൻ, സി. ഷാമിൽ, മുഹമ്മദ് റബീഹ്, ദംസാസ് മുഹമ്മദ്, സി.പി അബ്ദുല്ല എന്നിവരാണ്.

പാലക്കാട് അയലൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ സി.ജി അമൃതയാണ് ടൂർണമെന്റിൽ കേരളത്തിനു വേണ്ടി പങ്കെടുക്കുന്ന വനിതാ ടീമിനെ നയിക്കുന്നത്. മറ്റംഗങ്ങൾ: എസ്. അഞ്ജന, ആർ.സിനി, എം.ആർ ശ്രുതി, എസ്.സരിഗ, ആർ.അഭിനയ, വി.വിനയ, ആർദ്ര രമേശ്, എം.അനശ്വര, അർച്ചന നായർ, എസ്.ശ്രീജ, പി. വിസ്മയ. കോച്ച്: രാമദാസ്, മാനേജർ: ആതിര.

Tags:    

Similar News