ആശുപത്രിയിലെ അനാസ്ഥമൂലം മകന്‍ മരിച്ചു; ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്ന് യു.പി ബി.ജെ.പി എംഎല്‍എ

ഏപ്രില്‍ 26നാണ് എം.എല്‍.എയുടെ മകന്‍ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞത് മൂലം മരിച്ചത്.

Update: 2021-05-29 13:40 GMT
Advertising

സ്വകാര്യ ആശുപത്രി അധികൃതരുടെ വീഴ്ചമൂലം തന്റെ മകന്‍ മരിച്ച് ഒരു മാസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എംഎല്‍എ. സാന്‍ദില എം.എല്‍.എ രാജ്കുമാര്‍ അഗര്‍വാള്‍ ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് ബാധിതനായി കകോരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എം.എല്‍.എയുടെ മകന്‍ ആശിഷ് ഏപ്രില്‍ 26നാണ് മരിച്ചത്.

ഏപ്രില്‍ 26ന് രാവിലെ ആശിഷിന്റെ ഓക്‌സിജന്‍ ലെവല്‍ 94 ആയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട അവന്‍ ഭക്ഷണം കഴിക്കുകയും ഞങ്ങളോട് സാധാരണപോലെ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകുന്നേരം അവന്റെ ഓക്‌സിജന്‍ ലെവല്‍ പെട്ടന്ന് കുറഞ്ഞതായി ഡോക്ടര്‍ അറിയിച്ചു. ഞങ്ങള്‍ പുറത്ത് നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ ഏര്‍പ്പാടാക്കിയെങ്കിലും അത് അവന്റെ അടുത്തെത്തിക്കാന്‍ ഡോക്ടര്‍ അനുവദിച്ചില്ല-എം.എല്‍.എ പറഞ്ഞു.

അന്ന് തന്നെ ഏഴുപേരാണ് അതേ ആശുപത്രിയില്‍ മരിച്ചത്. ആശുപത്രിക്കെതിരെ മുഖ്യമന്ത്രി, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മീഷണര്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പക്ഷെ ഇതുവരെ തന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ആരാണ് തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തണം. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടണം-അഗര്‍വാള്‍ ആവശ്യപ്പെട്ടു.

കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. വെള്ളിയാഴ്ച വരെ 20,000 ആളുകളാണ് യു.പിയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ 52,244 കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News