പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; കൗമാരക്കാരടക്കം നാല് പേർ കൊല്ലപ്പെട്ടു
സംഭവത്തിനു പിന്നിൽ ആരാണെന്നും വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.
വാഷിങ്ടൺ: യുഎസിലെ അലബാമ സംസ്ഥാനത്ത് ജന്മദിന ആഘോഷത്തിനിടെ വെടിവെപ്പ്. നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ 16ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാന തലസ്ഥാനമായ മോണ്ട്‌ഗോമറിയുടെ വടക്കുകിഴക്കുള്ള ഡാഡെവില്ലെയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ ശനിയാഴ്ച രാത്രി നടന്ന ജന്മദിനാഘോഷത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
'നിലവിൽ നാല് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്'- അലബാമ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. വെടിവെപ്പിന് പിന്നാലെ അക്രമി ഓടി രക്ഷപെട്ടു. സംഭവത്തിനു പിന്നിൽ ആരാണെന്നും വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.
ഇരകളിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്ന് ഇവിടുത്തെ പുരോഹിതരിൽ ഒരാളായ ബെൻ ഹെയ്‌സ് പറഞ്ഞു. തനിക്ക് ഈ വിദ്യാർഥികളിൽ പലരെയും അറിയാമായിരുന്നു. 'ഡാഡെവില്ലെ ഒരു ചെറിയ പട്ടണമാണ്. അക്രമം ഈ പ്രദേശത്തെ എല്ലാവരെയും ബാധിക്കും'- ബെൻ ഹെയ്സ് കൂട്ടിച്ചേർത്തു.
അതേസമയം, കെന്റക്കിയിലെ ലൂയിസ്‌വില്ലെയിലെ പാർക്കിലും ഇതേ ദിവസം വെടിവെപ്പ് നടന്നു. ഇതിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് അലബാമ സംഭവം.
അലബാമയുടെ കിഴക്കുള്ള ടല്ലപൂസ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമീണ പട്ടണമായ ഡാഡെവില്ലെയിൽ ഏകദേശം 3200 പേരാണ് താമസിക്കുന്നത്. ഈ വർഷം അമേരിക്കയിൽ നടക്കുന്ന 162ാമത്തെ വെടിവെപ്പാണ് അലബാമയിലേത്.