ഇസ്രായേലിനെ പിന്തുണക്കുന്ന ബ്രാൻഡുകൾ അറിയാം; വെബ്‌സൈറ്റുമായി കശ്മീരി-ഫലസ്തീനി ദമ്പതിമാർ
ലോകമെമ്പാടുമുള്ള നിരവധി പേർ ഇസ്രായേലി ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്
ഇസ്രായേലിനെ പിന്തുണക്കുന്ന ബ്രാൻഡുകൾ അറിയാൻ സഹായിക്കുന്ന വെബ്‌സൈറ്റുമായി കശ്മീരി -ഫലസ്തീനി ദമ്പതിമാർ. 'ഡിസ്ഒക്യുപൈഡ്' എന്ന പേരിലാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫലസ്തീനി വംശജയായ നാദിയയും കശ്മീരിയായ ഭർത്താവ് ഷെഹ്‌സാദും വെബ്‌സൈറ്റ് പുറത്തിറക്കിയത്. ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേലിനെയും അവരെ സഹായിക്കുന്ന ബ്രാൻഡുകളെയും ലോകത്തുടനീളം നിരവധി സംഘടനകളും ആക്ടിവിസ്റ്റുകളും ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിലാണ് നാദിയയും ഷെഹ്‌സാദും വെബ്‌സൈറ്റ് പുറത്തിറക്കി ഫലസ്തീനികൾക്കൊപ്പം നിൽക്കുന്നത്. വിവിധ ബ്രാൻഡുകളുടെ പേരുകൾ വെബ്‌സൈറ്റിൽ സേർച്ച് ചെയ്താൽ, അവ ഇസ്രായേലിനെ പിന്തുണക്കുന്നതാണെങ്കിൽ 'ഡു നോട് ബൈ' എന്നെഴുതി കാണിക്കും. ഒപ്പം അവയ്ക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന ബ്രാൻഡുകളും പറയും.
ടി.ആർ.ടി വേൾഡ് ദമ്പതിമാരുടെ അഭിമുഖം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെക്കുന്നതിനപ്പുറം ഫലസ്തീനികളോട് ചേർന്നു നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് നിർമിച്ചതെന്നാണ് അവർ അഭിമുഖത്തിൽ പറഞ്ഞത്. മണിക്കൂറുകൾ ചെലവഴിച്ചാണ് അമേരിക്കൻ -ഇസ്രായേലി പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(എ.ഐ.പി.എ.സി) യെ പിന്തുണക്കുന്ന കമ്പനികളെ തിരിച്ചറിഞ്ഞതെന്നും അവർ വ്യക്തമാക്കി.
റമദാൻ മാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഷെഹ്‌സാദ് തങ്ങൾ സാധനങ്ങൾ വാങ്ങുന്നത് വിലയിരുത്താൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. 'സകാത്ത് (ഇസ്രായേൽ പിന്തുണയുള്ള സംഘടനകൾക്ക്) നൽകുന്നത് വംശഹത്യയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളെ പിന്തുണയ്ക്കുന്നതിലേക്ക് നയിച്ചേക്കാം' നാദിയ തന്റെ ഭർത്താവിന്റെ പ്രസ്താവനയെ പിന്തുണച്ചു.
സയണിസ്റ്റ് സംഘടനകൾ പ്രാഥമികമായി സ്വകാര്യ മൂലധനം ഉപയോഗിക്കുന്നത് അനധികൃത ഇസ്രയേലി സെറ്റിൽമെന്റുകൾക്ക് വേണ്ടിയാണെന്നന്നും ഷെഹ്‌സാദ് എടുത്തുപറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബ്രാൻഡുകൾ വെളിപ്പെടുത്താൻ ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചതെന്നും വ്യക്തമാക്കി.
2023 ഒക്ടോബർ ഏഴ് മുതൽ, ലോകമെമ്പാടുമുള്ള നിരവധി പേർ ഇസ്രായേലി ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സ്വന്തം രാജ്യത്തിൽനിന്ന് കുടിയൊഴിപ്പിക്കുന്നതും ആക്രമണം നടത്തുന്നതുമടക്കം നിരപരാധികളായ മുസ്ലിംകളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കാനാണ് ബഹിഷ്‌കരണം നടത്തുന്നത്. ഒക്ടോബർ ഏഴിന്, ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ ഗസ്സ മുനമ്പിൽ ക്രൂരമായ സൈനിക നടപടി ആരംഭിച്ചിരിക്കുകയാണ്. അതിൽ സ്ത്രീകളും കുട്ടികളുമടക്കം 32,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 75,092 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Kashmiri-Palestinian couple launch 'Disoccupied' website to help identify brands that support Israel