മെതുസെല; ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംചെന്ന മത്സ്യ മുത്തശ്ശി
ശരീരം മുഴുവൻ പച്ച നിറത്തിലുള്ള ചെതുമ്പൽ. ഒറ്റ നോട്ടത്തിൽ ആർട്ടികോക്കിന്റെ ഇലകൾ പോലെ. കണ്ടാൽ ഒരു പ്രാകൃത ഇനം
പലതരം മത്സ്യങ്ങളെ അക്വോറിയങ്ങളിലാക്കി വളർത്തുന്നത് ചിലരുടെ ഹോബിയായിരിക്കും. എന്നാല് അവർക്ക് പോലും പരിചിതമല്ലാത്ത പേരായിരുക്കും മെതുസെല. മെതുസെല എന്ന മത്സ്യമാണ് ഇപ്പോൾ ലോക ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. ബൈബിളിൽ, നോഹയുടെ മുത്തച്ഛനായിരുന്നു മെതുസെല, 969 വയസ്സ് വരെ മെതുസെല ജീവിച്ചിരുന്നതായി പറയപ്പെടുന്നു.
എന്നാല് ഈ മത്സ്യം അത്ര പുരാതനമല്ല. 90 വയസാണ് ഈ മത്സ്യ മുത്തശ്ശിയുടെ പ്രായം. ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന അക്വേറിയം മത്സ്യമാണെന്നും ഇതിന്റെ സമപ്രായക്കാരായ അക്വേറിയം മത്സ്യങ്ങളെ കുറിച്ചൊന്നും അറിവ് ലഭിച്ചിട്ടില്ലെന്നും കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലെ ജീവശാസ്ത്രജ്ഞർ പറയുന്നു.
1938 ലാണ് ഓസ്‌ട്രേലിയയിൽ നിന്ന് സാൻ ഫ്രാൻസിസ്‌കോ മ്യൂസിയത്തിലേക്ക് മെതുസെലയെ കൊണ്ടുവന്നത്. അന്ന് മെതുസെലയ്ക്ക് 4-അടി (1.2-മീറ്റർ), 40-പൗണ്ട് (18.1-കിലോഗ്രാം) ഭാരമായിരുന്നു ഉണ്ടായിരുന്നത്.
മെതുസെല ഇതാദ്യമായല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്. നേരത്തെ പല തവണയും ഈ മത്സ്യത്തെ കുറിച്ചുള്ള വിവിരങ്ങൾ പല മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. 1947 ൽ സാൻഫ്രാൻസിസ്‌കോ ക്രോണിക്കിളിലാണ് മെതുസെലയുടെ വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
കാഴ്ചയിലുള്ള അതിന്റെ പ്രത്യേകത തന്നെയാണ് മെതുസെലയെ അന്ന് താരമാക്കി മാറ്റിയത്. പച്ച നിറത്തിലുള്ള ചെതുമ്പലായിരുന്നു അവളുടെ ശരീരം മുഴുവനും ഉണ്ടായിരുന്നത്. ഒറ്റ നോട്ടത്തിൽ ആർട്ടികോക്കിന്റെ ഇലകൾ പോലെയാണ് തോന്നിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ഒരു പ്രാകൃത ഇനമായി തോന്നിയിരുന്നു. കരയിലും വെള്ളത്തിലും അത്തരമൊരു ജീവിയെ അതുവരെ ആരും കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ വിചിത്ര ജീവി എന്നും ചിലർ മെതുസെലയെ വിളിച്ചിരുന്നു. ഓസ്ട്രേലിയൻ ലംഗ് ഫിഷ് മത്സ്യവും ഉഭയജീവികളും തമ്മിലുള്ള പരിണാമ കണ്ണിയാണ് മെതുസെല എന്ന് വിശ്വസിക്കപ്പെടുന്നു. സാൻഫ്രാൻസിസ്കോയിലെ ഒരു ടാങ്കിലാണ് ഇപ്പാള് ഈ മത്സ്യം ഉള്ളത്.
മെതുസെല ആണാണോ പെണ്ണാണോ എന്ന് ഉറപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ലിംഗ നിർണ്ണയത്തിനായി അതിന്റെ രക്തം കുത്തിയെടുക്കുന്നത് ഏറെ അപകടം പിടിച്ച നടപടി ആയതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും മെതുസെല പെൺ വിഭാഗത്തിൽപ്പെട്ട മത്സ്യമാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.
' അവളുടെ ചിറകിന്റെ ഒരു ചെറിയ സാമ്പിൾ പരിശോധനക്ക് അയക്കാൻ അക്കാദമി പദ്ധതിയിടുന്നുണ്ട്. പരിശോധനയിൽ ലിംഗഭേദം സ്ഥിരീകരിക്കാനും മത്സ്യത്തിന്റെ കൃത്യമായ പ്രായം കണ്ടെത്താനും കഴിയുമെന്നാണ് പ്രതീക്ഷ. കണ്ടാൽ ഭീമാകാരമായി തോന്നുമെങ്കിലും വളരെ സൗമ്യവും ശാന്ത സ്വഭാവക്കാരിയുമാണ് മെതുസെല. അതിൻറെ ശരീരത്തില് തൊട്ടാൽ വളരെ നാണത്തോടെ നമ്മളെ നോക്കി നിൽക്കും' -- അക്കാദമിയിലെ മുതിർന്ന ജീവശാസ്ത്രജ്ഞനും മത്സ്യത്തെ പരിപാലിക്കുന്നതുമായ അലൻ ജാൻ പറഞ്ഞു.
ഓർഗാനിക് ബ്ലാക്ക്ബെറി, മുന്തിരി, റോമെയ്ൻ ലെറ്റൂസ് എന്നിവ അവളുടെ ദൈനംദിന ഭക്ഷണത്തില് ഉള്പെടുത്തുന്നുണ്ട് വിവിധതരം മത്സ്യങ്ങൾ, കക്കകൾ, കൊഞ്ച്, മണ്ണിരകള് എന്നിവയും ഇഷ്ട ഭക്ഷണമാണെന്ന് പരിപാലകനായ ചാൾസ് ഡെൽബീക്ക് പറഞ്ഞു.
അത്തിപ്പഴം ഇഷ്ടമാണെങ്കിലും അതിന്റെ സീസണില് ഉണ്ടായത് മാത്രമേ കഴിക്കുകയുള്ളു എന്ന് കാലിഫോർണിയ അക്കാഡമി ഓഫ് സയൻസസിന്റെ വക്താവ് ജീനെറ്റ് പീച്ച് പറയുന്നു.
വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളാണ് ഓസ്‌ട്രേലിയൻ ലംഗ്ഫിഷുകൾ. ഓസ്‌ട്രേലിയയിലെ ജലാശയങ്ങളിൽ ഇവ വളരെ കുറവാണ്. കാലിഫോർണിയയിലെ സയൻസ് അക്കാദമിയിൽ മെതുസെലയെ പോലെ രണ്ട് ഓസ്‌ട്രേലിയൻ ലംഗ്ഫിഷുകൾ കൂടിയുണ്ട്. എന്നാൽ അവക്ക് 40, 50 വയസ് മാത്രമേ ആയിട്ടൂള്ളൂ. മാത്രമല്ല നിലവിൽ ഉള്ളവയുടെ കയറ്റുമതി നിരോധിച്ചിരിക്കുകയുമാണ്.
'മെതുസെല ചത്തുപോയാൽ മുത്തശ്ശി മത്സ്യം എന്ന പദവി അലങ്കരിക്കാൻ മറ്റാരുമില്ല. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച പരിചരണം ഞങ്ങൾ അവൾക്ക് നൽകുന്നുണ്ട്. ഒരുപാട് വർഷം ഇനിയും അവൾ ഞങ്ങളോടൊപ്പം ഉണ്ടാകണം.' -- ജാൻ പറഞ്ഞു.
ഓസ്‌ട്രേലിയൻ ലംഗ്ഫിഷിന് പുറമേ ആഫ്രിക്കൻ ലംഗ്ഫിഷും തെക്കേ അമേരിക്കൻ ലംഗ്ഫിഷും ഉണ്ട്. എന്നാൽ ഇവ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതായത്, ആഫ്രിക്കയിലേയും തെക്കേ അമേരിക്കയിലേയും ലംഗ്ഫിഷുകൾ വരണ്ട കാലാവസ്ഥയിൽ വെള്ളം വറ്റുന്ന സമയത്ത് ചെളിയിൽ കുഴി കുഴിച്ച് മാസങ്ങളോളം അതിൽ കഴിയും. ചില സമയങ്ങളിൽ ചിറകുകൾ ഉപയോഗിച്ച് മറ്റ് കുളങ്ങളിലേക്ക് പലായനം ചെയ്യാനും ഇവക്ക് കഴിയും.
വളരെ വിസ്താരമുള്ള ഒരു ടാങ്കിലാണ് മെതുസെലയെ ആദ്യം ഇട്ടിരുന്നത്. വളരെ ഉത്സാഹത്തോടെ നീന്തി നടന്നിരുന്ന മത്സ്യം വലിയ ടാങ്കിലേക്ക് മാറ്റിയപ്പോൾ നിശബ്ദയായി ഒളിച്ചിരിക്കുന്നതായി ശാസ്ത്രജ്ഞർക്ക് പലപ്പോഴും തോന്നിയിരുന്നു. പിന്നീട് മെതുസെലയെ ചെറിയ ടാങ്കിലേക്ക് മാറ്റി. ഇതോടെ വീണ്ടും പഴയ ഊർജ്ജത്തോടെ ടാങ്കിനുള്ളിൽ ചാടിമറിയാൻ തുടങ്ങിയെന്ന് പരിപാലകർ പറയുന്നു. ദശലക്ഷക്കണക്കിന് സന്ദർശകരാണ് അക്വേറിയത്തിലെ മെതുസെലയെ കാണാൻ ഇതുവരെ എത്തിയിട്ടുള്ളത്. അതിൻറെ വലിപ്പവും അസാധാരണ രൂപവുമാണ് ആളുകളെ ആകർഷിച്ചിരുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏറ്റവും പ്രായം കൂടിയ അക്വേറിയം മത്സ്യം എന്ന് ഖ്യാതി സ്വന്തമാക്കിയിരുന്നത് ഗ്രാൻഡ്ഡാഡ് എന്ന മത്സ്യമായിരുന്നു. ഓസ്ട്രേലിയൻ ലംഗ്ഫിഷായിരുന്ന ഗ്രാൻഡ്ഡാഡ് ചിക്കാഗോയിലെ ഷെഡ് എന്ന അക്വേറിയത്തിലാണ് ഉണ്ടായിരുന്നത്. 2017 ൽ 95-ാം വയസ്സിൽ ആ മത്സ്യം ചത്തു.