വെള്ളം ചോര്‍ത്തി മയക്കുമരുന്ന് നിറച്ചു; പിടിച്ചെടുത്തത് 20,000 കൊക്കയ്ന്‍ തേങ്ങകള്‍
ഓരോ തേങ്ങയിലും എത്രത്തോളം കൊക്കൈന്‍ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. മയക്കുമരുന്നിന്റെ അളവ് കൃത്യമായി അറിയാന്‍ ലാബിലെത്തിച്ച് വിശദമായ പരിശോധന നടത്തേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
പല തരത്തിൽ മയക്കുമരുന്നുകള്‍ കടത്തിക്കൊണ്ട് പോവുന്നത് നാം കേട്ടിട്ടുണ്ട്. എന്നാൽ കൊളംബിയയില്‍ നിന്നും ലഹരി മരുന്ന് കടത്താന്‍ മയക്കുമരുന്ന് മാഫിയ ഉപയോഗിച്ച മാര്‍ഗം കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. തേങ്ങയുടെ വെള്ളം ചോര്‍ത്തി പകരം കൊക്കൈന്‍ നിറച്ചാണ് തേങ്ങകളാണ് കടത്താൻ ശ്രമിച്ചത്. ഒന്നും രണ്ടുമല്ല 20,000 തേങ്ങകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
തേങ്ങയിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് പകരം ദ്രവരൂപത്തിലുള്ള കൊക്കൈന്‍ നിറച്ച് രാജ്യാതിര്‍ത്തി കടത്തുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. 504 ചാക്കുകളിലായാണ് തേങ്ങകള്‍ ഉണ്ടായിരുന്നത്. ഇതിലെല്ലാം തേങ്ങവെള്ളത്തിനു പകരം കൊക്കൈനാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊളംബിയയില്‍ നിന്ന് ഇറ്റലിയിലെ ജനോവയിലേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊക്കൈന്‍ തേങ്ങകള്‍ പിടികൂടിയത്. കാര്‍ട്ടിഗാന തുറമുഖത്തു വെച്ചായിരുന്നു കള്ളക്കടത്ത് കണ്ടെത്തിയത്.
അതേസമയം, ഓരോ തേങ്ങയിലും എത്രത്തോളം കൊക്കൈന്‍ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. മയക്കുമരുന്നിന്റെ അളവ് കൃത്യമായി അറിയാന്‍ ലാബിലെത്തിച്ച് വിശദമായ പരിശോധന നടത്തേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ കൊളംബിയ നാഷണല്‍ പൊലീസിനു കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കാണ് ഇത് എത്തിക്കുന്നതെന്നും മാഫിയയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു വരികയാണ്. കൂടാതെ കൊക്കൈന്‍ എവിടെയാണ് ഉത്പാദിപ്പിച്ചതെന്നും എവിടെ വെച്ചാണ് തേങ്ങയില്‍ മയക്കുമരുന്ന് നിറച്ചത് എന്നും അന്വേഷിക്കുന്നുണ്ട്.