പോർച്ചുഗൽ തദ്ദേശ തെരഞ്ഞെടുപ്പ്; ഇടതുപക്ഷ സ്ഥാനാർഥിയായി മലയാളി
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെ കഥവാൽ മുനിസിപ്പാലിറ്റിയിൽ വെർമേല പഞ്ചായത്തിലെ താമസക്കാരനാണ് രഘുനാഥ്.
പോർച്ചുഗലിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി തൃശൂർ സ്വദേശിയും. കണ്ടാണശേരി നമ്പഴിക്കാട് കടവന്നൂർ പരേതനായ ചന്ദ്രമോഹന്റെ മകൻ രഘുനാഥ് കടവന്നൂർ ആണ് 25 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പോർച്ചുഗൽ സ്ഥാനാർഥി ആയി ജനവിധി തേടുന്നത്. പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർട്ടിയും പരിസ്ഥിതി സംരക്ഷണ പാർടിയും (പി.ഇ.വി) ചേർന്ന് രൂപീകരിച്ച സി.ഡി.യു എന്ന ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയാണ് രഘുനാഥ്.
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെ കഥവാൽ മുനിസിപ്പാലിറ്റിയിൽ വെർമേല പഞ്ചായത്തിലെ താമസക്കാരനാണ് രഘുനാഥ്. പോർച്ചുഗലിൽ എത്തിയ കാലം മുതൽ കമ്യൂണിസ്‌റ്റ് പാർടിയുമായി അടുത്ത ബന്ധം രഘുനാഥ് പുലർത്തിയിരുന്നു.
ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടി 11 വർഷം മുമ്പാണ് രഘുനാഥ് പോർച്ചുഗലിൽ ഒരു പുസ്‌തക പ്രസിദ്ധീകരണ സ്ഥാപനത്തിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി നേടിയത്. 2018ൽ സ്ഥാപനം നിർത്തിയതോടെ ഒരു പ്രശസ്‌ത റസ്റ്റോറന്റിൽ മാനേജരായി പ്രവര്‍ത്തിക്കുകയാണ്.