അപൂർവങ്ങളിൽ അപൂർവം; യെമനിൽ ഒരു കണ്ണുമായി പിറന്ന കുഞ്ഞ് മരിച്ചു
അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ഇത്തരത്തിൽ ആറ് കേസുകൾ മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ
Update: 2022-03-24 03:27 GMT
കഴിഞ്ഞ ബുധനാഴ്ചയാണ് യെമനിൽ ഒരു കണ്ണുമായി ആൺ കുഞ്ഞ് പിറന്നത്. ലോകത്തിൽ തന്നെ അത്യപൂർവ്വമായ സംഭവമാണിത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. യെമനിലെ അൽ ബയ്ഡ ഗവർണറേറ്റിലെ ആശുപത്രിയിൽ പിറന്ന കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം തന്നെ മരിച്ചു.
ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കൽ നെർവുമായാണ് കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവർത്തകൻ കരീം സരായ് കുറിച്ചു. ഗ്രീക്ക് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന വളരെ അപൂർവമായ ഒരു സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ഇത്തരത്തിൽ ആറ് കേസുകൾ മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.