ഇടിത്തീയായി വീണ്ടും ഭൂകമ്പം: തുർക്കിയിൽ 6 മരണം, 200ഓളം പേർക്ക് പരിക്ക്

റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം സിറി, ലബനൻ, ഈജിപ്ത് എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ

Update: 2023-02-21 06:16 GMT
Advertising

അങ്കാറ: രാജ്യത്തിന്റെ മുക്കും മൂലയും തകർത്ത ഭൂകമ്പത്തിൽ നിന്ന് കര കയറും മുമ്പേ തുർക്കിയിൽ വീണ്ടും ഭൂചലനം. തെക്കൻ തുർക്കിയിലെ അന്താക്യയിൽ ഇന്നലെയുണ്ടായ ഭൂചലനത്തിൽ ആറ് പേർ മരിച്ചു.

റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം സിറി, ലബനൻ, ഈജിപ്ത് എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ ഭൂചലനത്തിന് പിന്നാലെ ഹതായ് പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി. ഇരു ചലനങ്ങളിലുമായി മൂന്നൂറോളം പേർക്ക് പരിക്കേറ്റതായി തുർക്കി ആരോഗ്യമന്ത്രി ഫാരെറ്റിൻ കോക്ക അറിയിച്ചു. ഇതിൽ 18 പേരുടെ നില വളരെ ഗുരുതരമാണ്.

രണ്ടാഴ്ച മുമ്പ് രാജ്യത്തെ നടുക്കിയ ഭൂചലനത്തിന്റെ കെടുതികൾ തുടരവേയാണ് തുർക്കിയിൽ വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്. ഫെബ്രുവരി ആറിന് പുലർച്ചെയായിരുന്നു റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തിൽ 50000ത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്‌

ദക്ഷിണ തുർക്കി, വടക്കൻ സിറിയ പ്രദേശങ്ങളെയാണ് ഭൂകമ്പം തകർത്തുകളഞ്ഞത്. തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News