ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറന്തള്ളാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ

‘ഗസ്സയിലെ ജനസംഖ്യയുടെ 85 ശതമാനവും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു’

Update: 2024-01-04 04:52 GMT
Advertising

വാഷിങ്ടൺ: ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറന്തള്ളാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ. ‘നിർബന്ധിപ്പിച്ച് പുറന്തള്ളാനുള്ള നീക്കത്തിനെതിരാണ് ഞങ്ങൾ. അക്കാര്യം വളരെ വ്യക്തമായി പറയുകയാണ്. ഫലസ്തീനികൾ ഗസ്സയിൽ സുരക്ഷിതരായിരിക്കുക എന്നതായിരിക്കണം യഥാർത്ഥ ലക്ഷ്യം. ഗസ്സയിൽ സാധാരണക്കാർ സുരക്ഷിതരായിരിക്കണം’ -യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അസോസിയേറ്റ് വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഫലസ്തീനികളെ ഗസ്സയിൽ നിന്ന് കൂട്ടത്തോടെ പുറന്തള്ളാൻ ആരും ആവശ്യപ്പെ​ടരുതെന്ന് ഞങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവർ വീടുകളിൽ സുരക്ഷിതരായിരിക്കണം’ -നിനോ പറഞ്ഞു.

‘ഓരോ വ്യക്തിക്കും നിർബന്ധിത കുടിയിറക്കലിൽനിന്നുള്ള സംരക്ഷണത്തിന് അവകാശമുണ്ട്. ഇതുവരെ ഗസ്സയിലെ ജനസംഖ്യയുടെ 85 ശതമാനവും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അവർ ജീവിക്കുന്നത്. അവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ അവകാശമുണ്ട്’ -നിനോ കൂട്ടിച്ചേർത്തു.

ഗസ്സയില്‍ നിന്ന് പുറന്തള്ളുന്നവര്‍ക്ക് താവളമൊരുക്കാൻ ഇസ്രായേൽ വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുദ്ധശേഷം ഗസ്സയിൽനിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേൽ മന്ത്രിമാരും പ്രകോപനപരമായ പ്രസ്താവനകൾ നടത്തി. ഇതിനെതിരെ അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. 

ഗസ്സയിൽനിന്ന് ഫലസ്തീനികളുടെ കൂട്ട കുടിയൊഴിപ്പിക്കൽ ഉണ്ടാവില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. ഗസ്സ ഫലസ്തീനികളുടെ മണ്ണാണ്, അത് ഫലസ്തീനികളുടേതായി തുടരുമെന്ന് തന്നെയാണ് തങ്ങളുടെ നിലപാട്. എന്നാൽ അതിന്റെ നിയന്ത്രണം ഹമാസിനായിരിക്കില്ല. ഇസ്രായേലിനെ ഭീഷണിപ്പെടുത്താൻ ഒരു തീവ്രവാദ സംഘടനയേയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News