വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം വീണ്ടും കുവൈത്ത് പാര്‍ലമെന്റില്‍
കുവൈത്തില്‍ വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും പാർലിമെന്റിൽ.
കുവൈത്തില്‍ വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും പാർലിമെന്റിൽ. എം പി ഫൈസൽ അൽ കന്ദരിയാണ് എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിദേശികളിൽ നിന്ന് റെമിറ്റൻസ് ടാക്സ് ഈടാക്കണം എന്ന് നിർദേശം പാർലിമെന്റിൽ വെച്ചത്. നേരത്തെ എം പിമാരായ കാമിൽ അൽ അവാദി, ഖലീൽ അൽ അബ്ദുള്ള എന്നിവർ സമർപ്പിച്ച സമാന നിർദേശം ഇസ്ലാമിക പാർലിമെന്റ് നിയമകാര്യ സമിതി തള്ളിയിരുന്നു.
രാജ്യത്തെ 30 ലക്ഷത്തിനടുത്ത് വരുന്ന വിദേശി സമൂഹം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വന്തം നാടുകളിലേക്ക് അയച്ച തുക കുവൈത്തിലെ ഒരു വർഷത്തെ ദേശീയ ബജറ്റിനു തുല്യമാണെന്നും ശരാശരി 200 കോടി ദിനാർ കുവൈത്തിൽ നിന്ന് ഓരോ വർഷവും വിദേശങ്ങളിലേക്ക് ഒഴുകുന്നതായും എം പി ഫൈസൽ അൽ കന്ദരി പറഞ്ഞു. വിദേശ വിനിമയത്തിന് നികുതി ചുമത്തിയാൽ തന്നെ പ്രതിവർഷം നല്ലൊരു തുക സർക്കാർ ട്രഷറിയിൽ വന്നു ചേരും. ഇതിനായി ഓരോ വിദേശിയും നടത്തുന്ന വിദേശ വിനിമയത്തിന് 2 മുതൽ അഞ്ചു ശതമാനം വരെ നികുതി ഈടാക്കണം എന്നാണു എംപിയുടെ നിർദേശം. രാജ്യത്തിന് പുറത്തെക്കയക്കുന്ന 100 ദിനാർ വരെയുള്ള തുകക്ക് 2 ശതമാനവും 100 മുതൽ 499 വരെയുള്ള ഇടപാടുകൾക്ക് നാലു ശതമാനവും തുക 500നു മുകളിലാണെങ്കിൽ അഞ്ചു ശതമാനവും നികുതി ഈടാക്കണം എന്നാണ് നിർദേശത്തിൽ പറയുന്നത്. ഇത് സ്വദേശികൾക്കും വിദേശികൾക്കും മെച്ചപ്പെട്ട സേവനങ്ങൾ നല്കാൻ സർക്കാറിനെ സഹായിക്കും . ധനമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തോടെ അല്ലാതെ ഒരു തരത്തിൽ ഉള്ള സാമ്പത്തിക വിനിമയവും അനുവദിക്കരുതെന്നും നികുതി ഈടാക്കുന്നതിനായി മന്ത്രാലയം പ്രത്യേക റെവന്യൂ സ്റ്റാമ്പ് പുറത്തിറക്കണം എന്നും കരടു നിർദേശം വ്യവസ്ഥ ചെയ്യുന്നു.
എംപിമാരായ കാമിൽ അൽ അവാദി ഖലീൽ അൽ അബ്ദുള്ള എന്നിവർ കഴിഞ്ഞ വർഷം സമാന നിർദേശം പാർലിമെന്റിൽ സമർപ്പിച്ചിരുന്നു. ഭരണഘടന ചട്ടങ്ങൾക്കും ശരീഅത്ത് നിയമങ്ങൾക്കും എതിരായതിനാൽ നിർദേശം അംഗീകരിക്കാനാവില്ലെന്നു പറഞ്ഞു പാര്‍ലമെന്റിലെ ലെജിസ്ലേറ്റീവ് കമ്മിറ്റി നിർദേശം തള്ളുകയായിരുന്നു. എന്നാൽ നിലവിലെ സാമ്പത്തിക അവസ്ഥയിൽ പാർലിമെന്റ് നികുതി നിർദേശം പരിഗണിക്കാൻ സാധ്യത ഏറെയാനെന്നാണ് വിലയിരുത്തപ്പെടുന്നത്.