സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികള്‍ക്ക് നിയമസഹായവുമായി ദുബൈ
ഈ രംഗത്ത് സന്നദ്ധസേവനത്തിന് തയാറായി 14 അഭിഭാഷകർ രംഗത്തുവന്നു
സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികൾക്ക് നിയമസഹായം നൽകാൻ ദുബൈ തൊഴിൽ കോടതിയുടെ പദ്ധതി. ഈ രംഗത്ത് സന്നദ്ധസേവനത്തിന് തയാറായി 14 അഭിഭാഷകർ രംഗത്തുവന്നു. രേഖകൾ വിവർത്തനം ചെയ്യുന്ന സേവനം സൗജന്യമാക്കാനും ആലോചനയുണ്ട്.
ഒയുൻ ഇനിഷ്യേറ്റിവ് എന്ന പദ്ധതിയിൽ നിയമസഹായത്തിനു പുറമെ ഏകദിന കോടതികളും ആരംഭിക്കുമെന്ന് തൊഴിൽ കോടതി ചീഫ് ജസ്റ്റിസ് ജമാൽ അലീം അൽ ജബീറി പറഞ്ഞു. പദ്ധതിക്കു കീഴിൽ സമ്പൂർണ സൗജന്യ നിയമസേവനം നൽകുന്നതിനും നടപടികളുണ്ട്. തൊഴില്‍ മന്ത്രാലയവുമായി ആലോചിച്ച് ഏകദിന കോടതികൾക്ക് തുടക്കമിടും. കഴിഞ്ഞ വർഷം 9,000 കേസുകളാണ് തൊഴിൽ കോടതിയിലെത്തിയത്. ഇതിൽ 4,711 എണ്ണം ആറു മാസം കൊണ്ട് തീർപ്പാക്കി. ഇൗ വർഷം ആറു മാസം കൊണ്ട് 6,895 കേസുകൾ തീർപ്പായെന്നും ജഡ്ജി പറഞ്ഞു.
പരാതികൾ രമ്യമായി പറഞ്ഞു തീർക്കാനാണ് ഏകദിന കോടതി ആദ്യം ശ്രമിക്കുക. അതു സാധ്യമാവാതെ വന്നാൽ വാദം കേട്ട് അന്നു തന്നെ വിധി പ്രഖ്യാപിക്കും. ലീഗൽ നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണ മെന്ന നിബന്ധന പാവപ്പെട്ട തൊഴിലാളികൾക്ക് താങ്ങാനാവുന്നതല്ല. ഇത്തരം നടപടിക്രമങ്ങളില്‍ മാറ്റം ആലോചിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം രാത്രി നേരങ്ങളിൽ തൊഴിൽ കേസുകൾ വാദം കേൾക്കുന്ന നടപടിക്ക് മികച്ച പ്രതികരണമാണെന്നും നിയമരംഗത്തുള്ളവര്‍ പറഞ്ഞു.