ദമ്മാം അല്‍ഹസ്സ ഖുറൈസില്‍ ഉണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി
കൊല്ലം പള്ളിമുക്ക് സ്വദേശി ഹാഷിം അബ്ദുല്‍ ഹക്കീം, കൊല്ലം ഉമയനെല്ലൂര്‍ സ്വദേശി സഹീര്‍ സലീം എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്
കഴിഞ്ഞ ദിവസം ദമ്മാം അല്‍ഹസ്സ ഖുറൈസില്‍ ഉണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയര്‍ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടു പോയത്.
കൊല്ലം പള്ളിമുക്ക് സ്വദേശി ഹാഷിം അബ്ദുല്‍ ഹക്കീം, കൊല്ലം ഉമയനെല്ലൂര്‍ സ്വദേശി സഹീര്‍ സലീം എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന കായകുളം സ്വദേശി നിഷാദ്, തൃശൂര്‍ സ്വദേശി പോള്‍സന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നിഷാദ് തുടര്‍ ചികില്‍സക്കായി കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. മരിച്ച ഇരുവരും വിവാഹിതരാണ്. ഹാഷിമിന് ഒരു മകളും സഹീറിന് ഒരു മകനുമുണ്ട്. വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തുന്ന മൃതദേഹങ്ങള്‍ ഉച്ചക്ക് ജുമുഅക്ക് ശേഷം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലയക്കുന്നതിനുളള നടപടികള്‍ക്ക് അല്‍ഹസ്സയിലെ നവോദയ സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.