ദുബൈയിൽ കോടതി കയറിയ വിസിറ്റ് വിസക്കാരിയും ആദ്യത്തെ മലയാളി വനിതാ കോമേഴ്സ്യൽ പൈലറ്റും

ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകൾ കൈവിട്ടുപോയി ‘വാർത്ത'കളായി മാറിയ സംഭവങ്ങളാണ് ഇത് രണ്ടും

Update: 2021-05-23 15:42 GMT
Advertising

ഇന്നും ഇന്നലെയുമായി സോഷ്യൽമീഡിയ ആഘോഷിച്ച ഗൾഫിൽ നിന്നുള്ള രണ്ടു 'വാർത്ത'കളാണ് ഷാർജയിൽ നിന്ന് നാട്ടിലേക്ക് വിമാനം പറത്തിയ ആദ്യ മലയാളി വനിതാ കോമേഴ്സ്യൽ പൈലറ്റിന്റേതും, നാട്ടിലേക്ക് മടങ്ങാൻ മടിച്ച് ദുബൈയിൽ കോടതി കയറിയ വിസിറ്റ് വിസക്കാരി വീട്ടമ്മയുടേതും.

ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകൾ കൈവിട്ടുപോയി 'വാർത്ത'കളായി മാറിയ സംഭവങ്ങളാണ് ഇത് രണ്ടും.

മുഖ്യമന്ത്രി പിണറായി വിജയനും, മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമെല്ലാം ഫേസ്ബുക്കിൽ 'ആദ്യ മലയാളി വനിതാ കോമേഴ്സ്യൽ പൈലറ്റി'നെ അഭിനന്ദിച്ച് പോസ്റ്റിട്ടിരുന്നു. അഭിനന്ദനമർഹിക്കുന്ന നേട്ടമാണ് ചെറുപ്രായത്തിൽ കോമേഴ്സ്യൽ പൈലറ്റായ തിരുവനന്തപുരം സ്വദേശിനിയുടേത്. പക്ഷെ, ആ മിടുക്കിക്ക് മുമ്പേ നിരവധി മലയാളി വനിതകൾ ഈ നേട്ടം കൈവരിച്ചിരുന്നു എന്നത് തിരിച്ചറിയാതെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർ അഭിനന്ദനവുമായി എത്തിയത്.

ദശലക്ഷകണക്കിന് അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വനിതാ പൈലറ്റിനെ കുറിച്ച കുറിപ്പ് ആദ്യം കണ്ടത്. നിജസ്ഥിതി അന്വേഷിക്കാൻ ഈ കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടപ്പോഴും ഇതത്ര ആഘോഷിക്കേണ്ട കാര്യമുണ്ടോ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. തിരുവനന്തപുരത്തെ തീരമേഖലയിൽ നിന്ന് എത്തി ഷാർജയിലെ അക്കാദമിയിൽ പഠിച്ച് പൈലറ്റായ മകളുടെ അനുഭവം ആരോ ഫേസ്ബുക്കിൽ ഇട്ടതാണ്, അത് വിചാരിച്ചതിനേക്കാൾ വൈറലായത് കണ്ട് മകൾ പോലും ഞെട്ടിയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രായം കുറഞ്ഞ മലയാളി വനിതാ പൈലറ്റ് എന്ന നിലക്ക് അഭിമുഖത്തിന് സാധ്യതയില്ലേ എന്ന് അന്വേഷിച്ചപ്പോൾ ആ കുട്ടിയും അതിന് വിമുഖത പ്രകടിപ്പിച്ചു.

അപ്പോഴേക്കും കേരളത്തിലെ ആദ്യ വനിതാ കോമേഴ്സ്യൽ പൈലറ്റിനെ അഭിനന്ദിച്ചും ആഘോഷിച്ചും സോഷ്യൽമീഡിയ പോസ്റ്റുകളുടെ നിലക്കാത്ത പ്രവാഹം. കുട്ടിയുടെ കുടുംബം തങ്ങളുടെ പാർട്ടി അനുഭാവികളാണ് എന്ന് അവകാശപ്പെട്ട് പോലും പോസ്റ്റുകൾ.

അന്വേഷണത്തിൽ ഈ കുട്ടി വിമാനം പറത്തുന്ന എയർ അറേബ്യയിൽ തന്നെ വേറെയും മുതിർന്ന വനിതാ മലയാളി പൈലറ്റുമാരുണ്ട് എന്നാണ് അവിടെ ജോലിയെടുക്കുന്നവർ പ്രതികരിച്ചത്. പൈലറ്റുമാരായ മലയാളികളിൽ ചിലർ വർഷങ്ങൾക്ക് മുമ്പ് കോമേഴ്സ്യൽ പൈലറ്റായ മലയാളി വനിതകളുടെ ലിസ്റ്റ് തന്നു. അപ്പോഴേക്കും മുഖ്യമന്ത്രി അടക്കമുള്ളവർ ഇത് ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. പക്ഷെ, ജെനി ജെറോം എന്ന പ്രവാസി വിദ്യാർഥിനിയുടെ നേട്ടം ഒട്ടും ചെറുതല്ല. അവർ ഇനിയും കൂടുതൽ ഉയരങ്ങൾ താണ്ടേണ്ട പ്രതിഭ തന്നെയാണ് സംശയമില്ല.

അതിനിടെയാണ് വിസിറ്റ് വിസയിൽ ദുബൈയിലെത്തിയ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി വിസാ കാലാവധി കഴിഞ്ഞാലും നാട്ടിലേക്ക് മടങ്ങാൻ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ദുബൈയിലെ കോടതിയിലെത്തി എന്ന വാർത്ത വാട്ട്സ്ആപ്പിൽ പരക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി ചിലർ ഭർത്താവിനൊപ്പം നിന്നും മറ്റുചിലർ ഭാര്യക്ക് ഒപ്പം നിന്നും താത്വിക അവലോകനത്തിന് വരെ തുടക്കം കുറിച്ചു. ഗൾഫിലും നാട്ടിലുമെല്ലാം ഇത് ഗൗരവുമുള്ള വാർത്തയായി പടർന്നു.

വിശദമായ വായനയിൽ ഒരു സ്പൂഫ് വാർത്തയാണിത് എന്ന് മനസിലാകുമെങ്കിലും കാര്യമറിയാൻ കുറിപ്പ് പോസ്റ്റ് ചെയ്തയാളെയും കോടതി കയറിയെന്ന് പറയപ്പെടുന്ന കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശിയായ ഭർത്താവിനെയും ഫോണിൽ വിളിച്ചു.

കൊടുങ്ങല്ലൂർ എറിയാട്ടെ ഒരു സ്കൂളിൽ പത്താംക്ലാസിൽ ഒന്നിച്ചു പഠിച്ചവരുടെ കൊച്ചു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചിരിപടർത്താൻ സഹപാഠികളിൽ ഒരാളിട്ട പോസ്റ്റാണിത്. രണ്ടുദിവസം മുമ്പ് ഈ പോസ്റ്റ് വായിച്ച് ഇവരെല്ലാം പൊട്ടിച്ചിരിച്ചിരുന്നു. ഭർത്താവിനെ വിട്ട് നാട്ടിലേക്ക് മടങ്ങാൻ മടിച്ചു നിന്നു ഭാര്യയും സുഹൃത്തുക്കളുമെല്ലാം ഇത് ആസ്വദിച്ചു. പക്ഷെ, ഗ്രൂപ്ലിന് വെളിയിലേക്ക് ഈ പോസ്റ്റ് പടർന്നതോടെ സംഭവം കൈവിട്ടുപോയി. തമാശയൊപ്പിക്കാൻ താൻ എഴുതിയ കുറിപ്പ് ഇത്രയും ഗൗരവമുള്ള വാർത്തയായോ എന്നാണ് അബൂദബിയിൽ വിമാനകമ്പനി ജീവനക്കാരനായ കുറിപ്പുകാരൻ അന്വേഷിക്കുന്നത്. എയ്തുപോയ അസ്ത്രവും പറഞ്ഞുപോയ വാക്കും മാത്രമല്ല, കൈവിട്ടുപോയ സോഷ്യൽമീഡിയ പോസ്റ്റും തിരിച്ചെടുക്കാനാവില്ല എന്ന തിരിച്ചറിവിലാണ് ഇവരും. എന്തായാലും വിസിറ്റ് വിസയുടെ കാലാവധി തീരും മുമ്പേ ആ കുടുംബിനി നാട്ടിലേക്ക് വിമാനം കയറും.  ഭർത്താവിന് കോടതി കയറേണ്ടി വരില്ല.  

Tags:    

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

By - ഷിനോജ് കെ ഷംസുദ്ദീൻ

contributor

Similar News