സ്വദേശിവൽകരണം; ഒമാനിൽ പ്രവാസികൾക്ക് ഇലക്ട്രിക്കൽ വയറിംഗ് ലൈസൻസ് നൽകുന്നത് നിർത്തി
നിലവിൽ ഇലക്ട്രിക്കൽ വയറിംഗ് ലൈസൻസുള്ള പ്രവാസി തൊഴിലാളികൾക്ക് പുതുക്കിനൽകുന്നതും നിർത്തി
ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ഇലക്ട്രിക്കൽ വയറിംഗ് ലൈസൻസ് നൽകുന്നത് പബ്ലിക് സർവീസ് റെഗുലേഷൻ അതോറിറ്റി നിർത്തി. സ്വദേശിവൽകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാനിൽ നിലവിൽ ഇലക്ട്രിക്കൽ വയറിംഗ് ലൈസൻസുള്ള പ്രവാസി തൊഴിലാളികൾക്ക് പുതുക്കിനൽകുന്നതും നിർത്തിയതായി അധികൃതർ വ്യക്തമാക്കി.
വൈദ്യുത വകുപ്പിലെ 800തൊഴിലുകൾ സ്വദേശിവൽകരിക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. സ്വദേശികളുടെ നിയമനം വേഗത്തിലാക്കാനും ജൂലൈ മാസത്തോടെ നടപടികൾ പൂർത്തികരിക്കാനും ഉദ്ദേശിക്കുന്നതായി അധികൃതർ പറഞ്ഞു.
ഒമാനി യുവാക്കൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാകാനും വയറിങ് ലൈസൻസ് ഉള്ളവർക്ക് വൈദ്യുത വിതരണ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനും ഇതിലൂടെ സാധിക്കുമെന്നും അതോറിറ്റി അറിയിച്ചു. അതേസമയം വൈദ്യുത മേഖലയിലും മറ്റും ആരംഭിച്ച സ്വദേശിവൽകരണം മലായാളികളടക്കമുള്ള പ്രവാസികളുടെ രാജ്യത്തെ തൊഴിൽ സാധ്യതകൾ കുറക്കും.