ദേശീയ ദിനാഘോഷം; സലാലയിൽ ഉജ്വല ഐക്യദാർഢ്യ റാലി
ഇന്ത്യൻ സമൂഹത്തിന്റെ ആവേശകരമായ പങ്കാളിത്തം
ഒമാന്റെ അമ്പത്തിരണ്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താനും ഒമാൻ ജനതക്കും ഐക്യദാർഢ്യമർപ്പിച്ച് സലാലയിൽ വൻ റാലി നടന്നു. സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്ത്‌നിന്നാരംഭിച്ച റാലിയിൽ സലാല സെന്റർ വഴി ഹാഫ പാലസിലാണ് സമാപിച്ചത്.
സ്ത്രീകളും കുട്ടികളുമുൾപ്പടെ സ്വദേശികളും പ്രവാസികളുമായ ആയിരക്കണക്കിനാളുകൾ റാലിയിൽ അണിനിരന്നു. റാലിക്ക് പ്രദേശത്തെ വാലിമാരും ശൈഖുമാരും നേതൃത്വം നൽകി. വിവിധ കലാ രൂപങ്ങൾ റാലിക്ക് മാറ്റ് കൂട്ടി. ഒമാൻ പതാകയും ഷാളും തൊപ്പിയുമണിഞ്ഞാണ് പ്രവാസികളും എത്തിയത്.
പ്രവാസികളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന് കീഴിൽ അണിനിരന്ന ഇന്ത്യൻ സമൂഹത്തിന്റെയായിരുന്നു ഏറ്റവും വലിയ പങ്കാളിത്തം. വിവിധ സാംസ്‌കാരിക വിഭാഗങ്ങളും ഇതിൽ അണി ചേർന്നിരുന്നു. കെ.എം.സി.സിയും ഐ.സി.ഫും+ അവരുടെ ബാനറിന് പിന്നിലായാണ് റാലിയിൽ പങ്കെടുത്തത്.
ഇന്ത്യൻ സമൂഹത്തിന്റെ റാലിയിൽ ദഫ് മുട്ട്, കോൽകളി, തിരുവാതിര എന്നിവ ശ്രദ്ധേയമായി. ബംഗ്‌ളാദേശി സമൂഹവും റാലിയിൽ സജീവമായി. പ്രവാസികളായ മറ്റ് അറബ് വംശജരും പ്രത്യേക ബ്ലോക്കായി റാലിയിൽ പങ്കാളികളായി. സുൽത്താന് അഭിവാദ്യമർപ്പിച്ചും ഒമാൻ ജനതയോട് ഐക്യപ്പെട്ടുമുള്ള മുദ്ര്യാവാക്യങ്ങളും റാലിയിൽ മുഴങ്ങി.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് 52 കിലോ തൂക്കമുള്ള കേക്ക് മുറിച്ച് വിതരണം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, കോൺസുലാർ ഏജന്റ് ഡോ. സനാതനൻ എന്നിവർ നേതൃത്വം നൽകി. വൻ പൊലീസ് സന്നാഹങ്ങളോടെയാണ് റാലി നടന്നത്.